Header Ads

  • Breaking News

    അശ്ലീലത പ്രോത്സാഹിപ്പിക്കുന്നു: ടിക് ടോക് വിലക്കണമെന്ന് ഹൈക്കോടതി


    ടിക് ടോക് വീഡിയോ ആപ്പ് നിരോധിക്കണമെന്ന് ഹൈക്കോടതി. അശ്ലീലത പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയാണ് ആപ് നിരോധിക്കാൻ ഉത്തരവിറക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

    ചൈനീസ് കമ്പനിയായ ബീജിംഗ് ബൈറ്റെഡൻസ് ടെക്നോളജി കോ നിർമ്മിച്ച വീഡിയോ ഷെയറിംഗ് ആപ്പാണ് ടിക് ടോക്. ഇതിലൂടെ സ്പെഷ്യൽ എഫക്റ്റുസുകൾ ഉപയോഗപ്പെടുത്തി ചെറിയ വീഡിയോകൾ നിർമ്മിക്കാനും ഷെയർ ചെയ്യാനും സാധിക്കും. മീമുകൾക്കും വീഡിയോകൾക്കും ഒപ്പം സിനിമകളിലെ തമാശകളും രംഗങ്ങളും അരങ്ങ് വാഴുന്ന ടിക് ടോക് യുവാക്കൾക്കിടയിൽ വളരെ പ്രിയമേറിയതാണ്. പ്രശസ്ത ഗാനങ്ങൾക്കൊപ്പം ചുണ്ടനക്കിയും ചുവടു വച്ചും അവർ ടിക് ടോക് ആഘോഷമാക്കുന്നും ഉണ്ട്.

    എന്നാൽ ഇതിലെ ചില നൃത്തരംഗങ്ങൾ അസഹ്യമാണെന്നാണ് തമിഴ്നാട് ഐടി മന്ത്രി വിശേഷിപ്പിച്ചത്. ബിജെപി ആഭിമുഖ്യമുള്ള ചില വലതുപക്ഷ സംഘടനകളും ആപ് നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം സര്‍ഗാത്മകത പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ടിക് ടോകിനെ ബിജെപി ഐടി ചീഫ് അമിത് മാളവ്യ നേരത്തെ വിശേഷിപ്പിച്ചിരുന്നത്.

    എന്നാൽ ടിക് ടോകിനെതിരായുള്ള ഒരു പൊതു താത്പ്പര്യ ഹർജി പരിഗണിക്കവെയാണ് ആപ്പിന് വിലക്കേർപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ടിക് ടോക് ഉപയോഗിക്കുന്ന കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ വളരെക്കൂടുതലാണെന്നാണ് കോടതിയുടെ നിഗമനം. ആപ്പിലെ അനുചിത ഉള്ളടക്കങ്ങൾക്ക് അപകടകരമായ മറ്റൊരു വശമുണ്ടെന്നും ഇത് കുട്ടികൾ അപരിചിതരുമായി നേരിട്ട് ഇടപഴകാൻ സാധ്യത കൂട്ടുന്നുവെന്നും കോടതി നിരീക്ഷിച്ചു.

    കോടതി ഉത്തരവുകൾ പാലിക്കാൻ താങ്ങൾ ബാധ്യസ്ഥരാണെന്നും ഉത്തരവിന്‍റെ പകർപ്പ് ലഭിച്ച ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ടിക്ടോക് വക്താവ് പ്രതികരിച്ചിരിക്കുന്നത്. സുരക്ഷിതവും പോസിറ്റീവുമായ ഒരു ചുറ്റുപാട് നിലനിർത്തുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും വക്താവ് വ്യക്തമാക്കി.

    അതേസമയം ഐടി മന്ത്രാലയം വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിക് ടോക് വിലക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട കോടതി അതിലെ വീഡിയോകൾ മാധ്യമങ്ങള്‍ വഴി സംപ്രേക്ഷണം ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad