Header Ads

  • Breaking News

    കണ്ണൂർ സ്വദേശിയടക്കം എഴ് പേർ പിടിയിൽ : ഹെയർ ക്രീമിനുള്ളിൽ സ്വർണ ബിസ്‌കറ്റ്


    ഹെയർ ക്രീമിനുള്ളിൽ സ്വർണ ബിസ്‌കറ്റുകൾ കടത്തിയ ജിദ്ദ പ്രവാസികളുൾപ്പെടെ ഏഴ് പേർ കരിപ്പൂരിൽ പിടിയിലായി. കരിപ്പൂർ വിമാനത്താവളത്തിൽ ഏഴ് യാത്രക്കാരിൽ നിന്നായി 63 ലക്ഷം രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ജിദ്ദയിൽ നിന്നുളള സ്‌പൈസ് ജെറ്റിലെത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ ലത്തീഫിൽ നിന്നും 349 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. മൂന്ന് സ്വർണ ബിസ്‌കറ്റുകൾ ബാഗേജിനുളളിൽ ഹെയർ ക്രീമിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. ഇതേ വിമാനത്തിലെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് സാദിഖിൽ നിന്നും മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 240 ഗ്രാമാണ് പിടികൂടിയത്.
    കുവൈത്തിൽ നിന്നുളള എയർഇന്ത്യ എക്‌സ്പ്രസിലെത്തിയ കോഴിക്കോട് കൊടുവളളി ജമാൽ അബ്ദുൽ റഹീം 272 ഗ്രാം മിശ്രിത രൂപത്തിൽ കടത്താനായിരുന്നു ശ്രമിച്ചത്. ഷാർജയിൽ നിന്നുളള എയർഇന്ത്യ എക്‌സ്പ്രസിലെത്തിയ കോഴിക്കോട് നടുവണ്ണൂർ സ്വദേശി ബഷീർ കുറ്റിക്കണ്ടിയിൽ നിന്നും സോക്‌സിനുളളിൽ ഒളിപ്പിച്ചു കടത്തിയ 349 ഗ്രാം പിടികൂടി. ഇതേ വിമാനത്തിലെത്തിയ പുതുപ്പാടി സ്വദേശി മുഹമ്മദ് ഫസലിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ച 700 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ഷാർജയിൽ നിന്നുളള എയർ ഇന്ത്യയിലെത്തിയ കണ്ണൂർ ചൊക്ലി സ്വദേശി അബ്ദുൽ സാലിത്, ഇൻഡിഗോയിൽ അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് ഇരിങ്ങൽ സ്വദേശി ഷംസുദ്ദീൻ മലയിൽ എന്നിവരിൽ നിന്നായി 788 ഗ്രാം മിശ്രിത രൂപത്തിലുളള സ്വർണമാണ് കണ്ടെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad