തളിപ്പറമ്പില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ട്ടാവ് അറസ്റ്റിൽ
തളിപ്പറമ്പ്:
ബക്കളത്തെ വയോധികന്‍ തളിപ്പറമ്പ് പ്ലാത്തോട്ടത്ത് കള്ള് ഷാപ്പിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഇടവഴിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ചപ്പാരപ്പടവ് സ്വദേശിയും നടുവില്‍ താമസക്കാരനുമായ ചൊക്രാന്റകത്ത് മുഹമ്മദ് എന്ന കള്ളന്‍ മമ്മദിനെയാണ്(56) തളിപ്പറമ്പ് സിഐ എ.അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളെ തളിപ്പറമ്പ് മജിസ്ട്രേട്ട് രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വിഷുദിനത്തിന്റെ പിറ്റേന്നാള്‍ ഇക്കഴിഞ്ഞ 16 നാണ് ബക്കളം കാനൂല്‍ സ്വദേശി എ.വി.ചന്ദ്രനെ(72) മരിച്ച നിലയില്‍ കണ്ടത്.
സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ സിഐ എ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു. ചന്ദ്രന്റെ കീശയിലുണ്ടായിരുന്ന 5000 രൂപയടങ്ങിയ പേഴ്സും കൈയില്‍ ധരിച്ചിരുന്ന ഒരു പവന്റെ മോതിരവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യപ്പെട്ടതാണ് ദുരൂഹത വര്‍ധിപ്പിച്ചത്.
മൊബൈല്‍ ഫോണ്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ചൊക്രാന്റകത്ത് മുഹമ്മദിന്റെ കൈകളിലാണെന്ന് സൈബര്‍സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവ ദിവസം മുതല്‍ ഇയാള്‍ ഒളിവിലാണെന്ന വിവരവും പോലീസിന് ലഭിച്ചു.ഇക്കഴിഞ്ഞ വിഷുദിനത്തില്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ചന്ദ്രന്‍. അന്ന് രാത്രി ഒന്‍പതരയോടെ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ തളര്‍ന്നവശനായ നിലയില്‍ വൃക്കരോഗിയായ ചന്ദ്രനെ ചൊക്രാന്റകത്ത് മുഹമ്മദ് കാണുകയായിരുന്നു. ഇയാളെ ബക്കളത്തെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഓട്ടോറിക്ഷ വിളിച്ച് 9.45 ന് പ്ലാത്തോട്ടത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയായിരുന്നു.
അവശനായ ചന്ദ്രനെ പ്ലാത്തോട്ടം കള്ള്ഷാപ്പിന് സമീപത്തെ ഇടവഴിയില്‍ ഇരുത്തി സാധനങ്ങള്‍ മുഴുവന്‍ കവര്‍ന്ന ശേഷം അവിടെ ഉപേക്ഷിച്ച് മുഹമ്മദ് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയാണ് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തളിപ്പറമ്പില്‍ വെച്ച് പ്രതിയെ പിടികൂടിയത്.
അഡീഷണല്‍ എസ്ഐ പി.വിജയന്‍, സീനിയര്‍ സിപിഒ എ.ജി.അബ്ദുല്‍ റൗഫ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയുടെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയം 304, 365, 396 വകുപ്പുകള്‍ പ്രകാരം കവര്‍ച്ചക്കും നരഹത്യക്കുമാണ് കേസെടുത്തത്. മോഷ്ടിച്ച സ്വര്‍ണ്ണമോതിരം കണ്ണൂരിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
No comments
Post a Comment