പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ നടപടി
പരിയാരം:
കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സർക്കാർ സേവനങ്ങൾ പൂർണമായും രോഗികൾക്കു ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നു സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർ ഡോ.റംലാബീവി. പരിയാരത്തെ സർക്കാർമെഡിക്കൽ കോളജിൽ സന്ദർശനത്തിനെത്തിയതായിരുന്നു അവർ. മെഡിക്കൽ കോളജിന്റെ സമഗ്ര വികസനം നടപ്പാക്കുന്നതിന്റെ മുന്നോടിയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ രാവിലെ സന്ദർശനം നടത്തിയത്. ഗവൺമെന്റ് മെഡിക്കൽ കോളജ് ഏറ്റെടുത്തതിനു ശേഷം ആദ്യമായിട്ടാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറായ ഡോ.റംലാബീവി ഇവിടം സന്ദർശിക്കുന്നത്.
മെഡിക്കൽ കോളജ് പൂർണമായും സർക്കാർ കോളജായി പ്രവർത്തിപ്പിക്കുന്നതിന് എന്തൊക്കെയാണ് വേണ്ടതെന്നതു സംബന്ധിച്ചും ഡിഎംഇ പ്രിൻസിപ്പൽ ഡോ.എൻ.റോയ്, വൈസ്പ്രിൻസിപ്പൽ ഡോ.എസ്.രാജീവ്, ഹൃദയാലയ മേധാവി ഡോ.എസ്.എം.അഷറഫ്, മറ്റു വകുപ്പ്‌മേധാവികൾ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചചെയ്തു. കണ്ണൂർ ഗവ.മെഡിക്കൽ കോളജിന്റെ വികസനത്തിനും ആധുനികവൽക്കരണത്തിനുമായി 500 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ സർക്കാരിന്റെ നിർദേശപ്രകാരം പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ തയാറാക്കിവരികയാണ്.
പ്രവർത്തനമാരംഭിച്ച് 25 വർഷം പൂർത്തിയാക്കുന്ന മെഡിക്കൽ കോളജിൽ പുതിയ കെട്ടിടങ്ങളും ആധുനിക ചികിത്സാ ഉപകരണങ്ങളും, ആശുപത്രിക്കു പൂർണമായി ചുറ്റുമതിൽ സ്ഥാപിക്കുക, ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഹോസ്റ്റൽ സമുച്ചയങ്ങൾ, ക്വാർട്ടേഴ്‌സുകൾ എന്നിവ നിർമിക്കുന്ന 10 വർഷം മുന്നിൽകണ്ടുള്ള പദ്ധതിയാണ് സമർപ്പിക്കുന്നത്. ഹൃദയാലയ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിക്കു വേണ്ടി പ്രത്യേക കെട്ടിടം തന്നെ നിർമിക്കാനും മാസ്റ്റർ പ്ലാനിലുണ്ട്.
No comments
Post a Comment