ഇരിട്ടി ടൗണില്‍ റവന്യുഭൂമി കൈയേറി നിര്‍മിച്ച കെട്ടിട ഭാഗങ്ങള്‍ റവന്യു അധികൃതര്‍ പൊളിച്ചുനീക്കി
ഇരിട്ടി:
ഇരിട്ടി ടൗണില്‍ റവന്യുഭൂമി കൈയേറി നിര്‍മിച്ച കെട്ടിട ഭാഗങ്ങള്‍ റവന്യു അധികൃതര്‍ പൊളിച്ചുനീക്കി. 22 കെട്ടിടങ്ങളാണ് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടും പൊളിച്ചുനീക്കാതിരുന്നത്. ഇതില്‍ നാലെണ്ണം രണ്ടാഴ്ച മുമ്ബ് പൊളിച്ചുനീക്കിയിരുന്നു. ഇന്നലെ ഏഴ് കെട്ടിടങ്ങളുടെ മുന്‍വശത്തെ കോണ്‍ക്രീറ്റ് കൈയേറ്റങ്ങളും പൊളിച്ചുനീക്കി.
ഇനി 11 കെട്ടിടങ്ങളുടെ കൈയേറ്റം കൂടി ഒഴിപ്പിച്ചാല്‍ ടൗണ്‍ വികസനം സാധ്യമാകുമെന്ന് റവന്യു അധികൃതര്‍ പറഞ്ഞു ജെസിബി ഉപയോഗിച്ചാണ് കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കിയത്. ഇതുകാരണം കെട്ടിടഉടമകള്‍ക്ക് വലിയ നഷ്ടം ഉണ്ടായി. ഇരിട്ടി ടൗണില്‍ ഒരു വിഭാഗം കെട്ടിട ഉടമകള്‍ കൈയേറ്റ ഭാഗങ്ങള്‍ പൊളിച്ചുനീക്കാത്തതിനാല്‍ തലശേരി-വളവുപാറ റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പലതവണ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും 22 കെട്ടിട ഉടമകള്‍ ഹൈക്കോടതിയില്‍ പോയി പൊളിക്കലിനെതിരെ സ്റ്റേ വാങ്ങിയിരുന്നു. ഈ സ്റ്റേ ഹൈക്കോടതി നീക്കിയതിനെത്തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ തവണ നാല് കെട്ടിട ഭാഗങ്ങള്‍ റവന്യു അധികൃതര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചപ്പോഴും കെട്ടിട ഉടമക്ക് കനത്ത നഷ്ടം ഉണ്ടായിരുന്നു. കെട്ടിടം പൊളിച്ചുനീക്കാത്തതിനാല്‍ കരാറുകാര്‍ ഓവുചാല്‍ നിര്‍മാണം നിര്‍ത്തി വച്ചിരിക്കുകയാണ്. ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമെ ബാക്കി റോഡ് നിര്‍മാണം നടക്കുകയുള്ളു. ഭൂരിപക്ഷം വ്യാപാരികളും കെട്ടിടഭാഗങ്ങള്‍ മാസങ്ങള്‍ക്ക് മുമ്ബു തന്നെ പൊളിച്ചു നീക്കി വികസനവുമായി സഹകരിച്ചിരുന്നു.
അഡീഷണല്‍ തഹസില്‍ദാര്‍ സി.പി . മേരി, ജൂണിയര്‍ സൂപ്രണ്ട് പി.സി . സാബു,റവന്യു ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, ഇ. ദീപേഷ്, സി.ജയപ്രസാദ് , കെ. രാജേഷ്, എ. ശിവദാസ് , ഇരിട്ടി സിഐ സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ജോണ്സണ് പീറ്ററിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സും ഒഴിപ്പിക്കലിന് എത്തിയിരുന്നു
No comments
Post a Comment