മട്ടന്നൂര്‍ നഗരത്തില്‍ ടാക്സി പാര്‍ക്കിംഗിന് നഗരസഭ സ്ഥലം അനുവദിക്കാത്തതിലും ;വിമാനത്താവളത്തില്‍ ടാക്സി ഡ്രൈവര്‍മാരോടുള്ള അവഗണനയിലും പ്രതിഷേധിച്ച് ; മട്ടന്നൂരിലെ ടാക്സി ഡ്രൈവര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്
മട്ടന്നൂര്‍:
മട്ടന്നൂര്‍ നഗരത്തില്‍ ടാക്സി പാര്‍ക്കിംഗിന് നഗരസഭ സ്ഥലം അനുവദിക്കാത്തതിലും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ടാക്സി ഡ്രൈവര്‍മാരോടുള്ള അവഗണനയിലും പ്രതിഷേധിച്ച് മട്ടന്നൂരിലെ ടാക്സി ഡ്രൈവര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. നഗരസഭയുടെ വഞ്ചനയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് സംയുക്ത ടാക്സി തൊഴിലാളി യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മടന്നൂര്‍ മാര്‍ക്കറ്റ് പരിസരത്തെ ടാക്സി സ്റ്റാന്‍ഡിലെ സ്ഥലത്ത് നാലുവര്‍ഷം മുമ്ബ് നഗരസഭ വ്യാപാര സമുച്ചയ നിര്‍മാണം തുടങ്ങിയപ്പോള്‍ ഐബി പരിസരത്ത് താത്കാലിക പാര്‍ക്കിംഗ് ഒരുക്കിയിരുന്നു. ഇവിടെ ടൗണ്‍ സ്ക്വയര്‍ വന്നതോടെ ഈ സൗകര്യവും ഇല്ലാതായി. പോലീസ് സ്റ്റേഷന് പിറകില്‍ പഴം-പച്ചക്കറി മാര്‍ക്കറ്റിനും ടാക്സി സ്റ്റാന്ഡിനുമായി സ്ഥിരം സംവിധാനം ഒരുക്കുമെന്ന് പറഞ്ഞ് വര്‍ഷങ്ങളായിട്ടും നടപടിയുണ്ടായിട്ടില്ല. ടാക്സികള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്ത അവസ്ഥയാണ്.
കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ അവജ്ഞയോടെയാണ് ടാക്സി ഡ്രൈവര്‍മാരോട് പെരുമാറുന്നത്. ടെര്‍മിനല്‍ പരിസരത്തേക്ക് പോലും ടാക്സികളെ അടുപ്പിക്കുന്നില്ല. വിമാനത്താവളത്തില്‍ ടാക്സി സര്‍വീസ് നടത്തുന്ന ഏജന്‍സി പുറത്ത് നിന്നും അനധികൃതമായി ആള്‍ക്കാരെ കയറ്റി സര്‍വീസ് നടത്തുകയും അന്യായമായ ചാര്‍ജ് ഈടാക്കുകയുമാണ്.
ടാക്സി സ്റ്റാന്‍ഡ് ഇല്ലാതാകുകയും വിമാനത്താവളത്തില്‍ പ്രവേശനം നിഷേധിക്കുകയും ചെയ്തതോടെ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാണെന്ന് നേതാക്കള്‍ പറഞ്ഞു. ടാക്സി സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍ നിരവധി തവണ നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പത്ര സമ്മേളനത്തില്‍ സി.വി.രഘുരാജന്‍, അനീഷ് മട്ടന്നൂര്‍, കെ.അബ്ദുറഹ്മാന്, എം.ശ്യാംപ്രസാദ്, എ.നാസര്‍, പി.വി.രമേശ് ബാബു, സി.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
No comments
Post a Comment