അസഹ്യമായ കണ്ണുവേദനയുമായി എത്തിയ വീട്ടമ്മയുടെ ഇടതുകണ്ണില്നിന്ന് നേത്രരോഗ വിദഗ്ദര്‍ പുറത്തെടുത്തത് അപൂര്‍വയിനം വിര
തലശേരി:
അസഹ്യമായ കണ്ണുവേദനയുമായി എത്തിയ വീട്ടമ്മയുടെ ഇടതുകണ്ണില്നിന്ന് നേത്രരോഗ വിദഗ്ദര്‍ പുറത്തെടുത്തത് അപൂര്‍വയിനം വിര. തലശേരി വീനസ് കോര്‍ണറിലെ സിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ സീനിയര്‍ സര്ജന് ഡോ.ശ്രീനി എടക്ലോണും കണ്‍സള്‍ട്ടന്റ് സര്ജന് ഡോ.ഗോപി ശ്രീയുമാണു മാഹി സ്വദേശിനിയായ 75 കാരിയുടെ കണ്ണില്‍നിന്ന് ഏതാണ്ട് 15 സെന്റി മീറ്ററോളം നീളമുള്ള ഡയറോ ഫിലാറിം ഗണത്തില്‍പ്പെട്ട വിരയെ നീക്കംചെയ്തത്. സാധാരണയായി നായ്ക്കളില്‍ മാത്രം കണ്ടുവരുന്ന വിര മനുഷ്യ നേത്രങ്ങളില്‍ അത്യപൂര്‍വമായി മാത്രമേ കാണപ്പെടാറുള്ളൂവെന്നു ഡോക്ടര്‍ ശ്രീനി പറഞ്ഞു. ഏതാനും ദിവസം മുന്‍പു സമാന രീതിയിലുള്ള വിര ധര്‍മടം സ്വദേശിനിയിലും കണ്ടെത്തിയിരുന്നതായി ഡോക്ടര്‍ വെളിപ്പെടുത്തി. പ്രസ്തുത വിരയ്ക്ക് ഏതാണ്ട് 25 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു. അന്വേഷണം നടത്തിയതില്‍ ഇരുസ്ത്രീകളുടെയും വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നില്ല. ഈ സാഹചര്യത്തില്‍ തെരുവുനായ്ക്കളില്‍ നിന്നാകാം വിരയുടെ മുട്ട സ്ത്രീകളുടെ കണ്ണുകളില്‍ എത്തിയതെന്ന് അനുമാനിക്കുന്നു. കൊതുകുകടിയിലൂടെ രക്തത്തില്‍ കടക്കുകയും ക്രമേണ കണ്ണില്‍ എത്തിയതുമാവാമെന്നാണു നിഗമനം. ഏറെ ആശങ്കപ്പെടുത്തുന്നതാണു സംഭവങ്ങള്‍. നാട്ടിലാകെ തെരുവുനായ്ക്കള്‍ പെരുകിവരുന്നതിനാല്‍ ഏറെ ജാഗ്രത വേണമെന്നും കണ്ണുകളില്‍ അസ്വസ്ഥതയും അസ്വാഭാവികതയും അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്നു ഡോക്ടര്‍മാരെ സമീപിക്കണമെന്നും നേത്രരോഗ വിദഗ്ധര്‍ അറിയിച്ചു
No comments
Post a Comment