ഇൻഡിഗോ സർവീസുകൾ ബാധ്യത :കിയാൽ
മട്ടന്നൂർ:
ഇൻഡിഗോ എയർലൈൻസിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം മൂലം കണ്ണൂർ വിമാനത്താവളത്തിന് വൻ നഷ്ടം ഉണ്ടാകുന്നതായി കണ്ണൂർ വിമാനത്താവള കന്പനിയായ കിയാൽ.
പാസഞ്ചർ ചെക്ക്-ഇൻ കോമൺ സർവീസുകൾ ഉപയോഗിക്കുന്നതിൽ എയർലൈൻസ് കാണിച്ച വിസമ്മതമാണ് പ്രധാന കാരണം. കോമൺ യൂസ് ടെർമിനൽ എക്യുപ്മെന്റ്, കോമൺ യൂസ് സെൽഫ് സർവീസ്, ബാഗേജ് റീകൺസിലിയേഷൻ സിസ്റ്റം എന്നിവയുടെ മൂന്ന് പൊതുസേവനങ്ങൾ ഉപയോഗിക്കുന്നതിലാണ് വിമുഖത കാണിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ഈസേവനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ലഭ്യമാക്കുന്നത്.
ഇതിൽ ബാഗേജ് റീകൺസിലിയേഷൻ സിസ്റ്റം ഉപയോഗിക്കുന്നതിൽ ഇൻഡിഗോ കാണിക്കുന്ന വിമുഖതയാണ് കണ്ണൂർ വിമാനത്താവളത്തിനെ നഷ്ടത്തിലേക്ക് തള്ളിവിടുന്നതെന്നും കിയാൽ പത്രക്കുറിപ്പിൽ പറഞ്ഞു. ആഗോള ടെൻഡറിലൂടെ നിയമിച്ച സിറ്റ എന്ന കമ്പനിക്കാണ് ഈ സേവനങ്ങളുടെ മേൽനോട്ടം. മറ്റെല്ലാ എയർലൈനുകളും പ്രയോജനപ്പെടുത്തുന്ന ഈ സേവനങ്ങൾ ഉപയോഗിക്കാനുളള കരാറിൽ ഇൻഡിഗോ ഒപ്പിടുകയുണ്ടായില്ല.
സിറ്റയുമായി കരാർ ഒപ്പിടാൻ ഇൻഡിഗോ 2019 ഫെബ്രുവരി 22 വരെ സമയംചോദിക്കുകയാണുണ്ടായത്. എന്നാൽ സിറ്റയുമായി കരാർ ഒപ്പിടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പ്രസ്തുത വിമാന കമ്പനി ഇതുവരെ തയാറായിട്ടില്ല. ബാഗേജ് റീ കൺസിലിയേഷൻ സിസ്റ്റം ഉപയോഗിക്കാതെ യാത്രക്കാരെ ചെക്ക്-ഇൻ ചെയ്യുന്നതുമൂലം അനാവശ്യമായ കാലതാമസവും അസൗകര്യവും യാത്രക്കാർക്ക് നേരിടേണ്ടിവരുന്നുണ്ട്. എന്നാൽ ബിആർഎസ് സംവിധാനം മറ്റു പ്രധാനപ്പെട്ട എയർപോർട്ടുകളായ ഡൽഹി, മുംബൈ, കൊച്ചി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ഇൻഡിഗോ ഉപയോഗിക്കുന്നുമുണ്ട്. അവിടങ്ങളിലെല്ലാം ബിആർഎസ് സിസ്റ്റം അതത് എയർപോർട്ടാണ് ഒരുക്കിയിട്ടുള്ളതും. അതിലേക്കായി ഇൻഡിഗോ എയർപോർട്ടിന് ചാർജും കൊടുക്കുന്നുണ്ട്.
എന്നാൽ കണ്ണൂർ എയർപോർട്ടിന് അത്തരത്തിൽ ചാർജ് നൽകാൻ ഇൻഡിഗോ തയാറാകുന്നില്ല.ബാഗേജ് റീ കൺസിലിയേഷൻ സിസ്റ്റം ഉപയോഗപ്പെടുത്താൻ മാർച്ച് 30 എന്ന അവസാന സമയപരിധി നിശ്ചയിച്ചതാണ്. അതിനായി മാർച്ച് 26 ന് ഒരു യോഗം നടന്നുവെങ്കിലും ഇൻഡിഗോ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. സമീപകാലത്ത് സേവനമാരംഭിച്ച കണ്ണൂർ എയർപോർട്ടിന് ഇത്തരം നഷ്ടങ്ങൾ സഹിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ല.
ഭീമമായ ബാധ്യതകളാണ് ഇതുമൂലം കണ്ണൂർ എയർപോർട്ടിന് ഏറ്റെടുക്കേിവരുന്നത്. യാത്രക്കാരുടെ സൗകര്യങ്ങൾക്ക് വലിയ വില കല്പിക്കുന്ന ഒരു വിമാനത്താവളം എന്നനിലയിൽ ഏപ്രിൽ 30 വരെ ഇൻഡിഗോ എയർലൈൻസിന് മേൽപ്പറഞ്ഞ സംവിധാനം ഉപയോഗിക്കാനുളള സമയം നീട്ടിക്കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
അതിനുശേഷവും കരാർ ഒപ്പിടാൻ തയാറല്ലെങ്കിൽ കണ്ണൂർ എയർപോർട്ടിൽനിന്ന് സേവനം തുടരാൻ ഇൻഡിഗോ എയർലൈൻസിന് സാധിക്കില്ല. ഇൻഡിഗോയിൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കിയാൽ പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം കാര്യങ്ങൾ ഒത്തുതീർപ്പാക്കാനും യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കാനുമുളള നടപടികളുമായി കിയാൽ മുന്നോട്ടുപോകുകയാണെന്നും അധികൃതർ വ്യക്തമാക്കി.
No comments
Post a Comment