കണ്ണൂര്‍:
ഉത്തര മലബാറിന്റെ സ്വപ്‌ന പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. ഉദ്ഘാടനം തുടങ്ങി ആറ് മാസം പിന്നിടുമ്ബോള്‍ കണ്ണൂര്‍ വിമാനത്താവളം പതിയ വച്ചടി കയറി വരുന്നേയുള്ളൂ. ഓരോ സംവിധാനങ്ങളും ഏര്‍പ്പെടുത്തി വരുന്നതേയുള്ളൂ ഈ വിമാനത്താവളത്തില്‍. എന്നാല്‍, തിവുപോലെ സ്വര്‍ണ്ണക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമായി മാറിയ എയര്‍പോര്‍ട്ടാണ് കണ്ണൂരിലേത്. വിരലില്‍ എണ്ണാവുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാത്രമേയുള്ളൂ എങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ ഈ വിമാനത്താവളത്തെ കേന്ദ്രമാക്കുന്നത് വിമാനത്താവള അധികാരികളുടെ ഒത്താശയോടെ ആണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
ദോഹ, ദുബായ്, അബുദാബി, മസ്‌ക്കറ്റ്, കുവൈത്ത്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് മാത്രമാണ് നിലവില്‍ കണ്ണൂരില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍. അടുത്തുള്ള മാസങ്ങളില്‍ യൂറോപ്പിലേക്ക് അടക്കം സര്‍വീസുകള്‍ ആരംഭിക്കാനുമിരിക്കയാണ്. ഇതോടെ വിമാനത്താവളത്തിന്റെ വരുമാനം വര്‍ദ്ധിക്കുമെന്നുമുള്ള പ്രതീക്ഷയുണ്ട്. എന്നാല്‍, സ്വര്‍ണക്കടത്തുകാരുടെ കേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറുന്നത് അത്ര ആശാവഹമായ കാര്യമല്ല. അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമുള്ള പല പ്രമുഖര്‍ക്കും വിമാനത്താവളത്തില്‍ ഓഹരി അടക്കം കൈവശം വെക്കുന്നവരാണ്. ഇവരില്‍ ചിലര്‍ക്ക് സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
സ്വര്‍ണ്ണക്കടത്തുകാരെ സഹായിക്കുന്ന ചിലര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ തമ്ബടിച്ചിരിക്കുന്നു എന്ന സൂചനയുമുണ്ട്. സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പടെുന്ന സംഭവങ്ങള്‍ കുറച്ചു മാത്രമേയൂള്ളൂ. പിടിക്കപ്പെടാതെ സുരക്ഷിതമായി സ്വര്‍ണ്ണക്കടത്ത് വിമാനത്താവളം വഴി നടക്കുന്നുണ്ടെന്നത് വ്യക്തമാണ്. സ്വര്‍ണക്കടത്തുകാരുടെ മാഫിയാ കേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറുന്നു എന്ന ചീത്തപ്പേരാണ് ഇപ്പോള്‍ കിയാലിനുള്ളത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരുമാനത്തില്‍ അടക്കം ആശങ്കയുണ്ട്.
നിലവില്‍ വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് പത്ത് കോടിയോളം രൂപ പ്രതിമാസ നഷ്ടത്തിലാണ്. വിമാന സര്‍വീസുകളില്‍ നിന്നും മറ്റുമായി 3.5 കോടി രൂപ മാത്രമാണ് പ്രതമാസം വരുമാനം ലഭിക്കുന്നത്. ചെലവാകട്ടെ ഇതിന്റെ മൂന്നിരട്ടിയും. സ്വര്‍ണ്ണക്കടത്തു സംഭവങ്ങള്‍ വര്‍ദ്ധിക്കുമ്ബോഴും സിഐഎസ്‌എഫിന് ശമ്ബള ഇനത്തില്‍ നല്‍കുന്നത് 2.85 കോടി രൂപയാണ്. ബാങ്കില്‍ പലിശ ഇനത്തില്‍ 7.5 കോടിയും നല്‍കണം. കെ എസ് ഇബി ബില്ലായി ഒരു കോടി രൂപയും കിയാല്‍ സ്റ്റാഫിന്റെ ശമ്ബള ഇനത്തില്‍ 75 ലക്ഷം ചെലവാകും. ഹൗസ് കീപ്പിംഗിനും മറ്റു ചെലവ്ക്കുമായും ചെലവാക്കുന്നത് കോടികളാണ്. 13 കോടിയോളം രൂപയാണ് പ്രതിമാസം കിയാലിനായി ചെലവാക്കുന്നത്.
നിലവിലെ നഷ്ടക്കണക്ക മറികടക്കണെങ്കില്‍ മികച്ച മാനേജ്‌മെന്റ് വൈദഗ്ധ്യം വേണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, കഴിവുള്ളവരെ തഴഞ്ഞ് വിമാനത്താവളത്തിന്റെ മാനേജ്‌മെന്റ് തലത്തില്‍ സിപിഎമ്മിന്റെ ഇഷ്ടക്കാരെ തിരുകി കയറ്റിയ അവസ്ഥയാണ് നിലവില്‍ ഉള്ളത്. ഇവരെ കൊണ്ട് എങ്ങനെ വിമാനത്താവളത്തെ ലാഭകരമാക്കി മാറ്റാമെന്ന ആശങ്കയും ശക്തമാണ്. ഇവരുടെ കെടുകാര്യസ്ഥതക്കെതിരെ ചില ഉദ്യോഗസ്ഥരിലും പ്രതിഷേധമുണ്ട്.
പ്രവര്‍ത്തനം തുടങ്ങി ആറുമാസം പിന്നിടുമ്ബോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെയും വിമാനസര്‍വീസുകളുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലു അത് ലാഭകരമായ നിലയിലേക്ക് മാറിയിട്ടില്ല. ഏപ്രിലില്‍ 1,41,372 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. പ്രവര്‍ത്തനം തുടങ്ങിയ ഡിസംബറില്‍ യാത്രക്കാരുടെ എണ്ണം 31,264 മാത്രമായിരുന്നു. ഡിസംബറില്‍ ആകെ വിമാനസര്‍വീസുകള്‍ 235 ആയിരുന്നത് ഇപ്പോള്‍ 1250 ആയും വര്‍ധിച്ചു.
ആഭ്യന്തരയാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതലായി എത്തുന്നത്. ഏപ്രിലില്‍ 81,036 ആഭ്യന്തരയാത്രക്കാരും 60,336 അന്താരാഷ്ട്ര യാത്രക്കാരുമാണ് വിമാനത്താവളം ഉപയോഗിച്ചത്. 853 ആഭ്യന്തരസര്‍വീസുകളും 366 അന്താരാഷ്ട്രസര്‍വീസുകളുമാണ് കഴിഞ്ഞമാസം കണ്ണൂരില്‍നിന്ന് നടത്തിയത്.
വിമാനക്കമ്ബനികളുടെ വേനല്‍ക്കാല ഷെഡ്യൂള്‍ നിലവില്‍വന്ന ഏപ്രില്‍ മുതല്‍ യാത്രക്കാരുടെയും വിമാനസര്‍വീസുകളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. മാര്‍ച്ചില്‍ ആകെ 837 സര്‍വീസുകളുണ്ടായിരുന്നത് 1250 ആയി വര്‍ധിച്ചു. 558 ആഭ്യന്തരസര്‍വീസുകളും 249 അന്താരാഷ്ട്രസര്‍വീസുകളുമാണ് മാര്‍ച്ചില്‍ നടത്തിയത്. പ്രവര്‍ത്തനം തുടങ്ങിയ ഡിസംബറില്‍ 130 ആഭ്യന്തരസര്‍വീസുകളും 91 അന്താരാഷ്ട്രസര്‍വീസുകളുമാണ് നടത്തിയത്.
മാര്‍ച്ചില്‍ 83,572 യാത്രക്കാരുണ്ടായിരുന്നതാണ് ഏപ്രിലില്‍ ഒന്നരലക്ഷത്തോളമായത്. എയര്‍ഇന്ത്യയടക്കം കൂടുതല്‍ കമ്ബനികള്‍ വന്നതും പല സ്ഥലങ്ങളിലേക്കും അധികസര്‍വീസുകള്‍ തുടങ്ങിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണം. എയര്‍ഇന്ത്യ എക്സ്‌പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ കമ്ബനികള്‍ അന്താരാഷ്ട്ര സര്‍വീസുകളുള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ക്ക് തയ്യാറെടുക്കുകയാണ്. ഇതെല്ലാം കൂടിയാകുമ്ബോള്‍ വിമാനത്താവളം മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആകുമെന്നാണ് പ്രതീക്ഷ. കാര്‍ഗോ സര്‍വീസ് അടക്കമുള്ളവ വിപുലമാക്കിയാല്‍ മാത്രമേ കിയാലിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.