കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സിന്റെ ആദ്യഘട്ടം ഒരു മാസത്തിനകം
കണ്ണൂര്‍:
രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സിന്റെ ആദ്യഘട്ടം ഒരു മാസത്തിനകം പൂർത്തിയാവും. 1200 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കാർഗോ കോംപ്ലക്സ് ഒരുങ്ങുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എഇആർഎ), കസ്റ്റംസ് എന്നീ വിഭാഗങ്ങളുടെ പരിശോധനകൾ പൂർത്തിയാക്കി ജൂണിൽ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടത്തിൽ ആഭ്യന്തര, രാജ്യാന്തര ചരക്കുകൾ ഇവിടെ രണ്ടു ഭാഗങ്ങളിലായി കൈകാര്യം ചെയ്യും. 7000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള അത്യാധുനിക കാർഗോ കോംപ്ലക്സിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഡിസംബറോടെ പൂർത്തിയാവുമെന്നാണു പ്രതീക്ഷിക്കുന്നത്..സാധാരണ ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിനു പുറമേ പച്ചക്കറി, പഴങ്ങൾ, മാംസം, മൽസ്യം, പൂക്കൾ, മരുന്നുകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയയ്ക്കാനുമുള്ള സൗകര്യവും ഉണ്ടാകും.
ഇതു പൂർത്തിയാവുന്നതോടെ രാജ്യാന്തര കാർഗോകൾ പൂർണമായും ഇവിടേക്കു മാറ്റും. ചെറിയ കാർഗോ കോംപ്ലക്സ് ആഭ്യന്തര ചരക്കുനീക്കത്തിനു മാത്രമായും ഉപയോഗിക്കും. മലബാറിന്റെ എയർ കാർഗോ ഹബ് എന്ന നിലയിൽ കണ്ണൂർ വിമാനത്താവളത്തെ വികസിപ്പിക്കാനുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് കാർഗോ കോംപ്ലക്സ് ഒരുക്കുന്നത്.
വിദേശ വിമാനങ്ങൾക്കുകൂടി അനുമതി ലഭിച്ചാലേ ചരക്കുനീക്കം കാര്യക്ഷമമാവൂ. കേന്ദ്രത്തിൽ പുതിയ സർക്കാർ ചുമതലയേറ്റാൽ ഉടൻ അതിനുള്ള ശ്രമങ്ങളാവും കിയാലും സംസ്ഥാന സർക്കാരും നടത്തുക.
No comments
Post a Comment