കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ
കള്ളവോട്ട് നടന്നുവെന്നു തെളിവു സഹിതം കണ്ടെത്തിയ ബൂത്തുകളിലെ റീ പോളിങ് സംബന്ധിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഈ ആഴ്ച ഉണ്ടാകും. വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികളും കലക്ടര്‍മാരുടെ അന്വേഷണ വിവരങ്ങളും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) ടിക്കാറാം മീണ കമ്മിഷനു നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ പിലാത്തറ എയുപി സ്‌കൂള്‍, തൃക്കരിപ്പൂര്‍ കൂളിയാട് ഹൈസ്‌കൂള്‍, കല്യാശേരി പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ കള്ളവോട്ടു നടന്നതായാണു കലക്ടര്‍മാര്‍ കണ്ടെത്തിയത്.
കള്ളവോട്ട് നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിരുന്നു. ബൂത്തുകളിലെ പ്രശ്‌നങ്ങള്‍ നിരീക്ഷരെ അറിയിക്കണമെന്നു നേരത്തേ പാര്‍ട്ടി പ്രിതിനിധികളെ അറിയിച്ചിരുന്നു. എന്നിട്ടും പരാതികള്‍ നല്‍കാത്തതിന്റെ കാരണം കമ്മിഷന്‍ വിലയിരുത്തും.
കമ്മിഷന്‍ നേരിട്ടു നിയോഗിച്ച മൈക്രോ, ജനറല്‍, പൊലീസ് നിരീക്ഷകരുടെ റിപ്പോര്‍ട്ടും പരിശോധിക്കും. ഓരോ ബൂത്തിലും മൈക്രോ, പൊലീസ് നിരീക്ഷകര്‍ ഉണ്ടായിരുന്നുവെങ്കിലും കള്ളവോട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ അവര്‍ക്കു പരാതികള്‍ നല്‍കിയില്ലെന്നാണു വിവരം.
നിരീക്ഷകര്‍ നേരിട്ടുകണ്ട വിവരങ്ങള്‍ കമ്മിഷനെ അറിയിച്ചിട്ടുണ്ട്. അതില്‍ കള്ളവോട്ടിനെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ഗൗരവമായി പരിഗണിക്കും. മീണയുടെ റിപ്പോര്‍ട്ടും നിരീക്ഷകരുടെ കണ്ടെത്തലുകളും വിശദമായി വിലയിരുത്തും. ശേഷം റീപോളിങ്ങിനെക്കുറിച്ചുള്ള തീരുമാനം അറിയിക്കും.
No comments
Post a Comment