തെറ്റുദ്ധരണകള്‍ വേണ്ട... മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം
മെന്‍സ്ട്രല്‍ കപ്പുകള്‍ വിപണിയില്‍ ഉണ്ടെങ്കിലും പലര്‍ക്കും അതിന്റെ ഉപയോഗമെന്താണെന്ന് പോലും അറിയില്ല. ആരൊക്കെയോ വന്ന് 'ഇതെന്ത് സാധനമാ' എന്ന് കണ്ണ് മിഴിച്ച് ചോദിക്കുന്നുമുണ്ട്. ഉപയോഗിച്ച് തുടങ്ങിയവരാകട്ടെ 'എവിടായിരുന്നു ഇത്രേം കാലം?' എന്ന് വാല്‍സല്യത്തോടെ ചോദിച്ച് കൊണ്ട് ആ കുഞ്ഞിക്കപ്പിനെ കൂടെ കൂട്ടുകയും ചെയ്തു. അവിവാഹിതരും വിവാഹിതരും പലതരത്തിലുള്ള തെറ്റുദ്ധരണകള്‍ കൊണ്ട് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാന്‍ ഭയക്കുന്നു. എന്നാല്‍ സാനിറ്ററി പാഡുകളെ അപേക്ഷിച്ച് നിരവധി ഗുണങ്ങള്‍ മെന്‍സ്ട്രല്‍ കപ്പിനുണ്ട്. മലിനീകരണം കുറവാണെന്നതും ഉപയോഗിക്കുമ്പോള്‍ മികച്ച അനുഭവം നല്‍കുന്നതും സമ്പത്തിക ലാഭവും എല്ലാം മെന്‍സ്ട്രല്‍ കപ്പിനെ പാഡിനേക്കാള്‍ മികച്ചതാക്കുന്നുണ്ട്.
ഡോക്ടര്‍ ഷിംന അസീസ് എഴുതുയ കുറിപ്പ്.
ചന്ദ്രന്‍ ചുവക്കുന്ന ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് കാലങ്ങളായി കൂട്ടുവരുന്ന സാനിറ്ററി നാപ്കിനുകളോട് സലാം പറയിക്കുന്ന ഗുണഗണങ്ങളോടെയാണ് മെന്‍സ്ചുറല്‍ കപ്പ് കുറച്ച് കാലമായി വിപണിയില്‍ വിലസുന്നത്. ഉള്ളത് പറഞ്ഞാല്‍ പലര്‍ക്കും മൂപ്പരെയങ്ങ് കണ്ണില്‍ പിടിച്ച മട്ടില്ല. ആരൊക്കെയോ വന്ന് 'ഇതെന്ത് സാധനമാ' എന്ന് കണ്ണ് മിഴിച്ച് ചോദിക്കുന്നുമുണ്ട്. ഉപയോഗിച്ച് തുടങ്ങിയവരാകട്ടെ 'എവിടായിരുന്നു ഇത്രേം കാലം?' എന്ന് വാല്‍സല്യത്തോടെ ചോദിച്ച് കൊണ്ട് ആ കുഞ്ഞിക്കപ്പിനെ കൂടെ കൂട്ടുകയും ചെയ്തു.
ആര്‍ത്തവസമയത്ത് ഗര്‍ഭാശയമുഖത്തിന് തൊട്ടുതാഴെയായി രക്തം ശേഖരിക്കുന്നതിനായി വെക്കുന്ന ഒരു കൊച്ചു പാത്രമാണ് മെന്‍സ്ചുറല്‍ കപ്പ്. രക്തം പുറത്തേക്ക് പ്രവഹിക്കാതെ ഇതില്‍ ശേഖരിക്കുന്നത് വഴി പാഡ് ഉപയോഗം ഒഴിവാക്കാം എന്നതാണ് ഇതിന്റെ പ്രധാനസൗകര്യം. ഒരു കപ്പ് തന്നെ വര്‍ഷങ്ങളോളം പുനരുപയോഗിക്കുകയും ചെയ്യാം. മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ട് പൊതുവെ മെന്‍സ്ചുറല്‍ കപ്പ് നിര്‍മ്മിക്കുന്നത്. കന്യകയായാലും ലൈംഗികജീവിതം നയിക്കുന്നവളായാലും പ്രസവിച്ച സ്ത്രീയായാലും മെന്‍സ്ചുറല്‍ കപ്പ് ഉപയോഗിക്കാം. വിവിധ സൈസിലുള്ള പല വിലകളിലുള്ള കപ്പ് ലഭ്യമാണ്. മെന്‍സ്ചുറല്‍ കപ്പ് അകത്തിരിക്കുന്നത് ഒരിക്കലും യോനിയുടെ വ്യാസം കൂട്ടുകയോ പങ്കാളിയുടെ ലൈംഗികസുഖത്തെ ബാധിക്കുകയോ ഇല്ല. അത്തരമൊരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്.പല വിലയിലും തരത്തിലുമുള്ള മെന്‍സ്ചുറല്‍ കപ്പുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. പലപ്പോഴും സൈസ് കൃത്യമായി മനസ്സിലാവാത്തതുകൊണ്ട് വാങ്ങിപ്പോയ കപ്പ് ഉപയോഗിക്കാന്‍ പറ്റാതെ വന്നവരെ അറിയാം. അത് കൊണ്ട് ആദ്യം തന്നെ വളരെ വിലകൂടിയ മോഡലുകള്‍ വാങ്ങാതെ വില അധികമില്ലാത്ത എന്നാല്‍ ക്വാളിറ്റിയുള്ള ഒരു സാധാരണ കപ്പ് വാങ്ങി ഉപയോഗിച്ച് നോക്കുക. ഞാന്‍ വാങ്ങി പരീക്ഷിച്ച മോഡല്‍ ഇതാണ്. പരീക്ഷണം സമ്പൂര്‍ണ്ണവിജയമായിരുന്നത് കൊണ്ട് വൃത്തിയായി കഴുകാനും മറ്റും സൗകര്യമില്ലാത്ത യാത്രകളില്‍ മാറ്റി ഉപയോഗിക്കാനായി ഒരെണ്ണം കൂടി വാങ്ങി. യോനിക്കകത്തേക്ക് കപ്പ് നിക്ഷേപിക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും ആശങ്ക കാരണം ഇത് ഉപയോഗിക്കാതിരിക്കുന്നവരുണ്ട്. അവര്‍ക്കായി ഇത് വിശദീകരിക്കുന്ന യഥേഷ്ടം വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്. ആദ്യത്തെ കുറച്ച് തവണ വെക്കുന്നതും എടുക്കുന്നതും പരിചയമാകും വരെയുള്ള ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടായേക്കാം. അത് കഴിഞ്ഞാല്‍ പിന്നീട് പാഡിലേക്ക് തിരിച്ചു പോകാന്‍ മനസ്സ് മടിക്കും. പന്ത്രണ്ട് മണിക്കൂറിന് ശേഷം കപ്പ് പുറത്തെടുത്ത് ആര്‍ത്തവരക്തം പുറത്ത് കളഞ്ഞ് സോപ്പിട്ട് കഴുകി യോനിക്ക് അകത്തേക്ക് തിരിച്ചു വെക്കാം. കൂടുതല്‍ രക്തസ്രാവം ഉള്ള ദിവസങ്ങളില്‍ ഇതിലേറെ തവണകള്‍ വൃത്തിയാക്കേണ്ടി വന്നേക്കാം. പന്ത്രണ്ട് മണിക്കൂറിലേറെ വൃത്തിയാക്കാന്‍ വൈകിയാല്‍ അണുബാധക്ക് സാധ്യത, ആദ്യമായി വാങ്ങുമ്പോഴുള്ള വില (പത്തു കൊല്ലത്തെ ചിലവോര്‍ക്കുമ്പോള്‍ നഷ്ടമേയല്ല), വെക്കാനും എടുക്കാനുമുള്ള ആദ്യകാല അസ്വസ്ഥത, വെച്ചത് ശരിയായില്ലെങ്കിലോ കൃത്യമായ ഇടവേളകളില്‍ രക്തം ഒഴിച്ചു കളഞ്ഞില്ലെങ്കിലോ സൈസ് ശരിയായില്ലെങ്കിലോ വശങ്ങളിലൂടെ ലീക്ക് ചെയ്യാനുള്ള സാധ്യത എന്നിവയാണ് ദൂഷ്യങ്ങള്‍. കോട്ടണ്‍തുണി, സാനിറ്ററി നാപ്കിന്‍, ടാംപൂണ്‍ തുടങ്ങിയവയുടെ അസൗകര്യങ്ങള്‍ അപേക്ഷിച്ച് നോക്കുമ്പോള്‍ സ്വര്‍ഗമായ മെന്‍സ്ചുറല്‍ കപ്പ് എങ്ങാണ്ടോ എത്തി നില്‍ക്കേണ്ടതാണ്.
എന്നിട്ടും എന്തുകൊണ്ടോ നമ്മള്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്. ചിലതൊക്കെ പരീക്ഷിച്ച് തന്നെ അറിയണമെന്ന് പറയില്ലേ, ഇതും അതിലൊന്നാണ്... വാല്‍ക്കഷ്ണം : പാഡ് വെച്ചിട്ടുള്ള നനവ്, ദുര്‍ഗന്ധം എന്നിവ കപ്പ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാവില്ല. രാത്രി ഉറങ്ങാന്‍ അസ്വസ്ഥതയില്ല. യാത്രാ മദ്ധ്യേ പാഡ് മാറ്റാന്‍ ടോയ്‌ലറ്റ് അന്വേഷിച്ച് നടക്കേണ്ട, മൂത്രമൊഴിച്ച് കഴുകുമ്പോള്‍ രക്തവുമായി മുഖാമുഖം നടത്തേണ്ട ബുദ്ധിമുട്ടുമില്ല. എല്ലാത്തിലുമുപരി, 'ഈ പാഡ് എവിടെക്കൊണ്ടുപോയി കളയുമോ എന്തോ' എന്നോര്‍ത്ത് ബേജാറാകേണ്ട കാര്യവുമില്ല. അത്രയും പരിസ്ഥിതി മലിനീകരണവും കുറയും. പത്തു വര്‍ഷത്തിന് ഒരു കപ്പ് മതി എന്നിരിക്കേ, മാസാമാസം പാഡ് വാങ്ങുന്ന ചിലവ് കൂടി കണക്കാക്കിയാല്‍ ലാഭക്കണക്കുകള്‍ മാത്രമേ ഈ ഗപ്പിനുള്ളൂ... ഉള്ളിലിങ്ങനൊരാള്‍ പതിയിരിപ്പുണ്ടെന്ന് അറിയുക പോലുമില്ല.
No comments
Post a Comment