ബക്കളം മുസ്ലിംലീഗ് ഓഫീസിനുനേരെ നേരെ വീണ്ടും ബോംബാക്രമണം
തളിപ്പറമ്പ്:
ബക്കളം മുസ്ലിംലീഗ് ഓഫീസിനുനേരെ നേരെ വീണ്ടും ബോംബാക്രമണം.കഴിഞ്ഞ ഏപ്രില്‍ 25 ന് പുലര്‍ച്ചെയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ സ്മാരകമായ ഈ ഓഫീസിന് നേരെ ബോംബാക്രമണം നടന്നിരുന്നു. താഴെബക്കളം പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് മാരകശേഷിയുള്ള ബോംബെറിഞ്ഞത്. ബോംബേറില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഒരുകിലോമീറ്റര്‍ ചുററളവില്‍ കനത്ത സ്ഫോടനശബ്ദം കേട്ടതോടെയാണ് നാട്ടുകാര്‍ സ്ഥലത്തെത്തിയത്. ഏതാണ്ട് ഒരുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ലീഗ് നേതാവ് സമദ് കടമ്പേരി പറഞ്ഞു.
മുമ്പ് അക്രമം നടന്നപ്പോള്‍ ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ലെങ്കിലും ഓഫീസിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമ്പേരിയിലെ ലീഗ് പ്രവര്‍ത്തകന്‍ കെ.അഷറഫിന്റെ നൂറാ ചിക്കന്‍ സ്റ്റാളിന്റെ മേല്‍പുര തകര്‍ന്നു വീഴുകയും കാര്യമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ബക്കളത്ത് മാര്‍ച്ച് ഏഴിനാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. അന്നുമുതലല്‍ തന്നെ ലീഗ്പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം ഭീഷണി ഉണ്ടായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. സിപിഎമ്മിന്റെ മടയിച്ചാലിലുള്ള ബക്കളം നോര്‍ത്ത് ബ്രാഞ്ച് ഓഫീസിന് നേരെ ഏപ്രില്‍ 28 നും ആക്രമണം നടന്നിരുന്നു. പിന്നീട് തളിപ്പറമ്പ് സിഐ വിളിച്ചുചേര്‍ന്ന സമാധാനയോഗത്തില്‍ ഇരുവിഭാഗവും പ്രശ്നങ്ങളുണ്ടാക്കുന്നവരെ തള്ളിപ്പറയുമെന്നും സഹായം നല്‍കില്ലെന്നും സമ്മതിച്ചിരുന്നു. രണ്ട് അക്രമസംഭവങ്ങളിലും പ്രതികളെ ഇതേവരെ പോലീസ് പിടികൂടിയിട്ടില്ല.ബോംബ് പൊട്ടിത്തെറിച്ച് മേല്‍പ്പുരയുടെ ഓടുകളും ഗോവണിയും ഷട്ടറും ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും നശിച്ചിട്ടുണ്ട്. കെട്ടിടം തകര്‍ന്നുകിടക്കുന്നതിനാല്‍ ആരും അകത്തേക്ക് പ്രവേശിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതാവ് സമദ് കടമ്പേരി ആരോപിച്ചു.
തെരഞ്ഞെടുപ്പ് ദിവസം ചിക്കന്‍സ്റ്റാളുടമ അഷറഫിന്റെ സഹോദരനും ലീഗ് പ്രവര്‍ത്തകനുമായ ആബിദ് കടമ്പേരി യുപിസ്‌കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റായിരുന്നതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്രമായ ഒഴക്രോത്തെ ബൂത്തിലും ഇത്തവണ ലീഗ് പ്രവര്‍ത്തകര്‍ ബൂത്ത് ഏജന്റുമാരായിരുന്നു. അടുത്തകാലത്ത് നിരവധി ചെറുപ്പക്കാര്‍ ഇവിടെ ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് ഇതിനുള്ള പ്രതികാരമായിട്ടാണ് ഓഫീസിന് നേരെ അക്രമം നടന്നതെന്നും സമദ് കടമ്പേരി ആരോപിച്ചു. ബക്കളത്ത് ലീഗിന്റെ പ്രവര്‍ത്തനം ശക്തിപ്പെട്ടത് സിപിഎം ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 11 ന് ബക്കളത്ത് ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് ഉദ്ഘാടകന്‍. ബോംബാക്രമണം നടന്ന ലീഗ് ഓഫീസ് മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി അബ്ദുള്‍കരീം ചേലേരി, തളിപ്പറമ്പ് നിയോജകമണ്ഡലം നേതാക്കളായ പ്രസിഡന്റ് സി.പി.വി.അബ്ദുള്ള, പി.വി.മുഹമ്മദ് ഇഖ്ബാല്‍, നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് എന്നിവര്‍ അക്രമം നടന്ന ലീഗ് ഓഫീസും ചിക്കന്‍സ്റ്റാളും സന്ദര്‍ശിച്ചു. തളിപ്പറമ്പ് സിഐ എ.അനില്‍കുമാര്‍, സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ കെ.മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ഉള്‍പ്പെട്ട സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
No comments
Post a Comment