Header Ads

  • Breaking News

    തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വെറും 4 മണിക്കൂര്‍ ഹൈസ്പീഡ് ട്രെയിനിന്റെ ആകാശ സര്‍വ്വേ ഉടന്‍


    കാസര്‍കോട്: 
    കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ പാതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ശീഘ്രഗതിയിലായി. 531 കിലോമീറ്റര്‍ തെക്കുവടക്ക് ദൂരം നാലു മണിക്കൂറില്‍ പിന്നിടുന്ന സെമി ഹൈസ്പീഡ് റെയില്‍വേ ലൈനിനുള്ള അകാശസര്‍വേ ഉടന്‍ തുടങ്ങും.വിമാനമോ ഹെലികോപ്ടറോ ഉപയോഗിച്ചാണ് എരിയല്‍ സര്‍വേ നടത്തുന്നത്. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഇതിന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ നിര്‍ദ്ദിഷ്ട തീയതിക്കകം അപേക്ഷിച്ചത് രണ്ടു സ്ഥാപനങ്ങള്‍ മാത്രം.

    സര്‍വേയ്ക്കുള്ള ടെന്‍ഡര്‍ തുക 2.75 കോടി രൂപയാണ്. രണ്ടു സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.പദ്ധതിക്ക് പ്രതീക്ഷിക്കുന്ന തുക 56,433 കോടി. ഭീമമായ മുതല്‍മുടക്ക് വേണ്ട പദ്ധതി ലാഭകരമാകുമോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച പാരീസ് ആസ്ഥാനമായുള്ള സിസ്ട്ര എന്ന സ്ഥാപനം അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. തുടര്‍നടപടികളുമായി മുന്നോട്ടു പോകാനുള്ള തീരുമാനം അതിനു ശേഷമായിരുന്നു. വിശദമായ പദ്ധതി രൂപരേഖ ഒക്ടോബറില്‍ തയ്യാറാകും.ഇപ്പോള്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ വേണ്ടിവരുന്ന യാത്രാദൂരം നാലു മണിക്കൂറില്‍ പിന്നിടുന്ന റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ റോഡ് യാത്രയില്‍ 21 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്ക്. തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നാണ് നിര്‍ദ്ദിഷ്ട പാതയുടെ തുടക്കം. പത്ത് സ്റ്റേഷനുകള്‍. കാസര്‍കോട് എത്തുന്നതിനു മുമ്പ് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, നെടുമ്പാശേരി എയര്‍പോര്‍ട്ട്,തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്.മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആണ് അതിവേഗ പാതയില്‍ ട്രെയിനിന്റെ വേഗത. സംസ്ഥാന സര്‍ക്കാറും റെയില്‍വേയും ചേര്‍ന്നുള്ള സംരംഭമായ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ  ചുമതലയിലുള്ള പദ്ധതിയില്‍ സംസ്ഥാനത്തിന്റെ ഓഹരി വിഹിതം 51 ശതമാനമാണ്. പദ്ധതിക്ക് വേണ്ടുന്ന ആകെ തുകയില്‍ 34,000 കോടി ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സിയില്‍ (ജിക്ക) നിന്ന് കടമെടുക്കും.

    No comments

    Post Top Ad

    Post Bottom Ad