എടി എം, ഒ ടിപി നമ്പറുകൾ സംഘടിപ്പിച്ച് തട്ടിപ്പ്; ഹോട്ടൽ മാനേജരുടെ 50,000 രൂപ തട്ടിയതായി പരാതി
പരിയാരം:
എ ടി എം കാർഡ് നമ്പറും ഒ ടി പി നമ്പറും സമർത്ഥമായി സംഘടിപ്പിച്ച് ഹോട്ടൽ മാനേജരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 50,000 രൂപ തട്ടിയെടുത്തു. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിന് സമീപത്തെ സൻസാർ ഹോട്ടൽ മാനേജർ നസീറിന്റെ പണമാണ് തട്ടിയെടുത്തത്. 30 ന് രാത്രി ഏഴോടെയാണ് സംഭവം. നസീറിനെ വിളിച്ച് ഹിന്ദിയിൽ സംസാരിച്ചയാൾ മിലിട്ടറി ഓഫീസർമാരടങ്ങിയ 20 അംഗ സംഘത്തിന് ഭക്ഷണം വേണമെന്നും യാത്രപണം അക്കൗണ്ടിലേക്ക് അയക്കാമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പർ ഫോണിലൂടെ നൽകിയ നസീറിനെ വീണ്ടും വിളിച്ച് തുക അക്കൗണ്ടിലേക്ക് കയറുന്നില്ലെന്നും നിങ്ങളുടെ എടിഎം കാർഡ് രണ്ട് ഭാഗവും ഫോട്ടോയെടുത്ത് വാട്സ്ആപ്പിൽ അയച്ചാൽ പെട്ടെന്ന് തക അക്കൗണ്ടിൽ ഇടാമെന്നും പറഞ്ഞു. സംശയമൊന്നും തോന്നാത്തതിനാൽ നസീർ അതുപോലെ ചെയ്തു. വീണ്ടും വിളിച്ച ഹിന്ദിക്കാരൻ മൊബൈലിൽ ലഭിച്ച ഒ ടി പി നമ്പർ പറഞ്ഞു തരണമെന്നും എങ്കിലേ പണം വേഗത്തിൽ നിക്ഷേപിക്കാനാവൂ എന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഒടി പി നമ്പർ നൽകി മിനുട്ടുകൾക്കകം നസീറിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ടിൽ നിന്ന് 50,000 രൂപ നഷ്ടപ്പെട്ടതായി മെസേജ് ലഭിക്കുകയും ചെയ്തു. ഇതിന് പുറമെ 20 പേർക്ക് പ്രത്യേകമായി തയ്യാറാക്കിയ ഭക്ഷണത്തിന്റെ വിലയായ 5100 രൂപയും നഷ്ടമായി.പരിയാരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട 50,000 രൂപ ഒരു ഓൺലൈൻ സ്ഥാപനത്തിലേക്ക് സാധനങ്ങൾ ഓർഡർ ചെയ്തതതിന് നൽകിയതാണെന്ന് കണ്ടെത്തി. ബാങ്ക് തുക ഓൺലൈൻ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാത്തതിനാൽ പണം കുറച്ചു ദിവസത്തിനകം നസീറിന്റെ അക്കൗണ്ടിലേക്ക് തിരിച്ചു കിട്ടുമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. പണം തട്ടിയെടുത്ത ആളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സമാനമായ തട്ടിപ്പ് കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിലെ ഒരു ഹോട്ടലിലും നടന്നിരുന്നു.
No comments
Post a Comment