മട്ടന്നൂരില്‍ സ്പെഷാലിറ്റി ഹോസ്പിറ്റലിന് അനുമതി; 71.50 കോടി രൂപയുടെ കിഫ്ബി അംഗീകാരം
മട്ടന്നൂര്‍:
മട്ടന്നൂരില്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതിന് അനുമതിയായി. സ്പെഷാലിറ്റി ഹോസ്പിറ്റലിന്റെ ആദ്യഘട്ട പ്രവര്‍ത്തനത്തിനു 71.50 കോടി രൂപ ചെലവഴിക്കുന്നതിനു കിഫ്ബി അംഗീകാരം നല്കി. പഴശി ജലസേചന പദ്ധതിയില്‍നിന്ന് മട്ടന്നൂര്‍ കോടതിക്കു സമീപം വിട്ടുകിട്ടിയ സ്ഥലത്താണ് സ്പെഷാലിറ്റി ആശുപത്രി നിര്‍മിക്കുക. കണ്ണൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമായതോടെ ആധുനിക ചികിത്സ ലഭ്യമാകുന്ന ആശുപത്രികൂടി ആരംഭിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്ബു മട്ടന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തെ ഗവ. ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അതനുസരിച്ചുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാനുള്ള സ്റ്റാഫ് പാറ്റേണിന് അംഗീകാരം ലഭിച്ചിരുന്നില്ല. സ്പെഷാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ഥ്യമാകുന്നതോടെ നിലവിലുള്ള ഗവ. ആശുപത്രിയുടെ പ്രവര്‍ത്തനം അവിടേക്കു മാറും.
എല്ലാ വിഭാഗങ്ങളിലുമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആദ്യഘട്ടത്തില്‍ നൂറുകിടക്കകളുമുള്ള ആശുപത്രി നിര്‍മിക്കുന്നതിനാണു സര്‍ക്കാര്‍ തീരുമാനമെടുത്തത്. സ്പെഷാലിറ്റി ഹോസ്പിറ്റലിന് അനുമതി ലഭിച്ചതോടെ സാങ്കേതിക നടപടികളും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്നു വ്യവസായമന്ത്രി ഇ.പി. ജയരാജന് അറിയിച്ചു
No comments
Post a Comment