സി.ഒ.ടി നസീർ വധശ്രമ കേസ്; രണ്ട് പ്രതികളെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
തലശ്ശേരി:
വടകര ലോക്‌സഭാ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടുപ്രതികളെ കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കതിരൂര്‍ ആണിക്കാംപൊയില്‍ കൊയിറ്റി വീട്ടില്‍ സി. ശ്രീജിന്‍ (26), കാവുംഭാഗം ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്‌സില്‍ റോഷന്‍ (26) എന്നിവരെയാണ് ഏഴുദിവസത്തേക്കാണ് ജില്ലാ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്.
ഇരുപ്രതികളും ഇക്കഴിഞ്ഞ ഏഴിനാണ് കോടതിയില്‍ കീഴടങ്ങിയത്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന പൊലിസിന്റെ ഹര്‍ജിയിലാണ് കോടതി പ്രതികളെ വിട്ടയച്ചത്. കേസില്‍ മുഖ്യപ്രതിയും നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പൊന്ന്യം കുണ്ടുകിറ ചേരിപുതിയ വീട്ടില്‍ കെ. അശ്വന്ത് (20) ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നലെ ജാമ്യഹര്‍ജി നല്‍കി. ഹര്‍ജി 14നു പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
പൊലിസ് കസ്റ്റഡിയില്‍ ലോക്കപ്പ് മര്‍ദനത്തില്‍ ഇരയായെന്ന് പ്രതി നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ മുന്നുപേരുടെ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവച്ചു. പി. മിഥുന്‍, വി.ജിതേഷ്, എം. വിപിന്‍ എന്നിവരാണ് ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ജാമ്യാപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഇവര്‍ മൂന്നുപേരും പ്രതി പട്ടികയിലുണ്ടെന്നു പറയപ്പെടുന്ന സാഹചര്യത്തില്‍ ഏതു സമയവും അറസ്റ്റ് ഉണ്ടാകുമെന്നതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ അപേക്ഷ നല്‍കിയത്.
No comments
Post a Comment