അധ്യാപികമാരെ പുറത്താക്കല്‍ ലക്ഷ്യമിട്ട് ചിന്മയ കോളേജില്‍ അഡ്മിഷന്‍ നിര്‍ത്തുന്നു
കണ്ണൂര്‍:
സമരം ചെയ്തതിന്റെ പേരില്‍ തിരിച്ചെടുത്ത അധ്യാപികമാരെ പുറത്താക്കാന്‍ പുതിയ തന്ത്രവുമായി ചിന്മയ മാനേജ്മെന്റ്. ഈ വര്‍ഷത്തെ ഡിഗ്രി അഡ്മിഷന്‍ റദ്ദാക്കി കൊണ്ടാണ് കണ്ണൂര്‍ തളാപ്പ് ചിന്മയാ വനിതാ കോളേജ് മാനേജ്മെന്റ് സമരം ചെയ്ത അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും പകരം വീട്ടുന്നത്.ഈ വര്‍ഷം കൊമേഴ്സ് ഗ്രൂപ്പില്‍ അഡ്മിഷന്‍ നടന്നില്ലങ്കില്‍ ഡിഗ്രി രണ്ടാം വര്‍ഷത്തെ ലോ പേപ്പര്‍ എടുക്കുന്ന അധ്യാപികക്ക് ക്ലാസില്ലാതാകും. അതോടെ അവരെ പുറത്താക്കാന്‍ പറ്റും. ഈ അധ്യാപികയെ കഴിഞ്ഞ ദിവസം പുറത്താക്കി കരാറടിസ്ഥാനത്തിലാക്കായിരുന്നു. ഇതിനെതിരെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ക്ലാസ് ബഹിഷ്ക്കരിച്ച് സമരത്തിനിറങ്ങി.
ഒടുവില്‍ അധ്യാപികയെ തിരിച്ചെടുത്തു.സമരം നിര്‍ത്തുകയും ചെയ്തു.മറ്റൊരു അധ്യാപികയും പുറത്താക്കല്‍ ഭീഷണിയിലാണ്. ചാലയിലെ ചിന്മയ ആര്‍ട്സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതിനാല്‍ തളാപ്പിലെ അഡ്മിഷന്‍ റദ്ദാക്കി വിദ്യാര്‍ത്ഥികളെ ചാലയിലേക്ക് എത്തിക്കാനാണ് മാനേജ്മെന്റ് ശ്രമം.വിദ്യാര്‍ത്ഥികള്‍ ഇല്ല എന്ന കാരണം പറഞ്ഞ് തളാപ്പിലെ കോളേജില്‍ നിന്ന് അധ്യാപികമാരെ പിരിച്ചുവിടാനുമാകും.കോഴ്സുകള്‍ക്കനുസരിച്ചും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ചും മാത്രമേ അധ്യാപകരെ നിയമിക്കാനാവു എന്ന മാനേജ്മെന്റ് പത്രക്കുറിപ്പ് തന്നെ ഗൂഢാലോചനയുടെ തെളിവാണ്.
തിരിച്ചെടുത്ത അധ്യാപികയെ ക്ലാസില്ലാതാക്കി പുറത്താക്കാനുള്ള ഗൂഡ തന്ത്രമാണ് മാനേജ്മെന്റ് നടത്തുന്നതെന്നും നൂറുകണക്കിന് കുട്ടികളുടെ പ0നാവസരം നഷ്ടപ്പെടുത്തുകയാണെന്നും അണ്‍എയ്ഡഡ് കോളേജ് ടീച്ചേഴ്സ് യൂനിയന്‍ ആരോപിച്ചു.മാനേജ്മെന്റ് നടപടികള്‍ക്കെതിരെ രക്ഷിതാക്കളും രോഷാകുലരാണ്. അഡ്മിഷന്‍ റദ്ദാക്കിയ നടപടിയില്‍ എസ്‌എഫ്‌ഐ. കെഎസ് യു ചിന്മയ കോളേജ് യൂണിറ്റുകള്‍ പ്രതിഷേധിച്ചു. അധ്യാപികയുടെ ന്യായമായ ആവശ്യത്തിന് സമരം ചെയ്തതിന് അഡ്മിഷന്‍ നടത്താതെ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും പക പോക്കുന്ന മാനേജ്മെന്റ് സമീപനത്തിനെതിരെ രോഷമുയരുകയാണ്.
No comments
Post a Comment