രജിസ്റ്റര്‍ വിവാഹം ഇനി രഹസ്യമാക്കാനാകില്ല; ഫോട്ടോയും വിലാസവും വെബ്‌സൈറ്റില്‍.........
തിരുവനന്തപുരം:
രജിസ്റ്റര്‍ വിവാഹം ഇനി രഹസ്യമാക്കി വെക്കാന്‍ കഴിയില്ല. വിവാഹിതരുടെ ഫോട്ടോയും അഡ്രസും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടിയായി. നോട്ടീസ് ബോര്‍ഡുകള്‍ക്ക് പുറമെയാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് വിവരം പരസ്യപ്പെടുത്തുകയും ആക്ഷേപം സ്വീകരിച്ച് തീര്‍പ്പാക്കുകയും വേണമെന്നാണ് ചട്ടം. എന്നാല്‍ നിലവില്‍ അപേക്ഷ സ്വീകരിച്ചശേഷം വിവരം സബ് രജിസ്ട്രാര്‍ ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നോട്ടീസുകള്‍ പലയിടത്തും പതിപ്പിക്കാറില്ല.
മിക്കവാറും പ്രണയിച്ച് രജിസ്റ്റര്‍ വിവാഹം കഴിക്കുന്നവര്‍ രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ നിന്നും ഫോട്ടോ സഹിതമുള്ള അറിയിപ്പ് കീറി മാറ്റുന്നതും പതിവാണ്. ഇതോടെയാണ് വെബ്‌സൈറ്റില്‍ ഇടാനുള്ള നടപടിയായത്.
അതേസമയം വിദേശികളുമായുള്ള വിവാഹത്തിന് നിലവിലുള്ള നിയമമനുസരിച്ച് വിദേശരാജ്യങ്ങളില്‍ നോട്ടീസ് പരസ്യപ്പെടുത്താന്‍ സാധ്യമല്ല. 1954 ലെ സ്‌പെഷല്‍ മാര്യേജ് ആക്ടിലെ മൂന്നാംവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട മാര്യേജ് ഓഫിസര്‍ മുഖേന നല്‍കുന്ന വിവാഹ നോട്ടീസുകള്‍ വിദേശരാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമായിരുന്നു.
എന്നാല്‍, 1969ലെ വിദേശ വിവാഹ നിയമഭേദഗതി പ്രകാരം മൂന്നാം വകുപ്പ് ഇല്ലാതായതോടെ വിദേശത്ത് വിവാഹ നോട്ടീസുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ ആകുകയായിരുന്നു.
No comments
Post a Comment