തട്ടം ഇട്ട് എത്തിയതിന്റെ പേരിൽ വിദ്യാർഥിനിയെ തിരുവനന്തപുരത്ത് സ്‌കൂളിൽ നിന്ന് പുറത്താക്കി
തട്ടം ഇട്ട് എത്തിയതിന്റെ പേരിൽ വിദ്യാർഥിനിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായി ആരോപണം. തിരുവനന്തപുരം മേനംകുളത്തു പ്രവർത്തിക്കുന്ന ജ്യോതി നിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം. സ്‌കൂളിൽ എട്ടാം ക്ലാസിൽ പുതുതായി ചേർന്ന ഷംഹാന ഷാജഹാൻ എന്ന വിദ്യാർഥിനിയെയാണ് തട്ടമിട്ട് പ്രവേശിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞു അധികൃതർ ടി.സി നൽകി പുറത്താക്കിയത്.
കവടിയാർ നിർമ്മലാ ഭവൻ സ്‌കൂളിൽ ഏഴാം ക്ലാസുവരെ പഠിച്ചിരുന്ന ഷംഹാന ഈ അധ്യയന വർഷമാണ് മേനംകുളം ജ്യോതിനിലയം പബ്ലിക് സ്‌കൂളിൽ ചേർന്നത്. തട്ടം ഇട്ടു സ്‌കൂളിൽ ചെന്നതിന്റെ പേരിൽ ഷംഹാനയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയെന്നാണ് മാതാപിതാക്കളുടെ പരാതി. സ്‌കൂൾ തുറന്ന് വ്യാഴാഴ്ച ക്ലാസിലെത്തിയപ്പോൾ ഷംഹാനയോട് ധരിച്ചിരുന്ന തട്ടം മാറ്റാൻ പറഞ്ഞു. പിറ്റേ ദിവസവും തട്ടമിട്ടെത്തിയ വിദ്യാർതിനിയെ തട്ടമിട്ട് സ്‌കൂൾ കോമ്പൗണ്ടിൽ കയറാൻ അനുവദിക്കില്ലെന്നു അധികൃതർ പറഞ്ഞുവെന്നാണ് പരാതി.
+2 വരെ പഠിക്കുന്ന കുട്ടികളെ തട്ടമിട്ട് സ്‌കൂളിൽ വരാൻ അനുവദിക്കുന്നില്ലെന്നും ഒരാൾക്ക് മാത്രമായി വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞതായി കുട്ടിയുടെ രക്ഷിതാക്കളും പറയുന്നു. നിർബന്ധിച്ച് ടി സി നൽകിയെന്നും ഇവർ ആക്ഷേപിക്കുന്നു. കുട്ടിക്ക് മറ്റു സ്‌കൂളുകളിൽ അഡ്മിഷൻ ആയിട്ടില്ല.
No comments
Post a Comment