സി പി എം തളിപ്പറമ്പ്ഏരിയാ കമ്മറ്റി യോഗത്തിൽ പൊട്ടിത്തെറി : പൊട്ടിക്കരഞ്ഞ് പി.കെ.ശ്യാമള
തളിപ്പറമ്പ്:
സി പി എം തളിപ്പറമ്പ്ഏരിയാ കമ്മറ്റി യോഗത്തിൽ ആന്തൂർ നഗര സഭാ ചെയർപേഴ്സണ്‍ പി.കെ.ശ്യാമളയ്ക്കെതിരെ രൂക്ഷവിമർശനം.യോഗത്തിൽ അംഗങ്ങൾ പൊട്ടിത്തെറിച്ചതോടെ പി.കെ.ശ്യാമള പൊട്ടിക്കരഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ 7.30 വരെ നടന്ന യോഗത്തിൽ പങ്കെടുത്ത മുഴുവൻ ഏരിയാ കമ്മറ്റി അംഗങ്ങളും പി.കെ.ശ്യാമളയെ ചെയർപേഴ്സണ്‍ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് രൂക്ഷമായ ഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര കമ്മറ്റി അംഗം എം.വി.ഗോവിന്ദൻ ,ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ, ടി.കെ.ഗോവിന്ദൻ, കെ.സന്തോഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അംഗങ്ങളിൽ ഒരാൾ പോലും ശ്യാമളയെ അനുകൂലിച്ച് രംഗത്ത് വന്നില്ല. ഏരിയാ കമ്മറ്റി ഒന്നടങ്കം രൂക്ഷ വിമർശനം നടത്തിയപ്പോഴാണ് ശ്യാമള യോഗത്തിൽ പൊട്ടിക്കരഞ്ഞത്. ഏരിയാ കമ്മറ്റി തീരുമാനപ്രകാരം കോടല്ലൂർ, ആന്തൂർ , ബക്കളം ലോക്കൽ കമ്മറ്റി യോഗങ്ങൾ വിളിച്ചു ചേർത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം ധർമ്മശാലയിൽ വിശദീകരണ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് ഏരിയാ - ലോക്കൽ തീരുമാനങ്ങൾ എല്ലാ ബ്രാഞ്ച് കമ്മറ്റികളിലും റിപ്പോർട്ട് ചെയ്ത ശേഷം ജില്ലാ കമ്മിറ്റിയായിരിക്കും പി.കെ.ശ്യാമളക്കെതിരെയുള്ള നടപടികൾ സ്വീകരിക്കുക.
പി.കെ.ശ്യാമളയുടെ പല തീരുമാനങ്ങളും ആന്തൂർ പോലുള്ള പാർട്ടി ശക്തികേന്ദ്രങ്ങളിൽ സി പി എമ്മിന്റെ അടിത്തറ ഇളക്കുമെന്നും, ഒരു നിമിഷം പോലും ചെയർപേഴ്സൻ സ്ഥാനത്ത് തുടരാൻ പാടില്ലെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതായാണ് സൂചനകൾ.
No comments
Post a Comment