എഎൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യം; ഉപവാസ സമരംകണ്ണൂരിൽ ആരംഭിച്ചു
കണ്ണൂർ:
കണ്ണൂർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇ.പി ജയരാജന് എതിരേ മത്സരിച്ച സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ എഎൻ ഷംസീർ എംഎൽഎയ്ക്കെതിരേ കോൺഗ്രസിന്റെ ഉപവാസ സമരം.
ആരോപണ വിധേയനായ എഎൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇന്ന് കോൺഗ്രസ് ഉപവാസ സമരം നടത്തുന്നത്. ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലുള്ള സമരം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.
കേസിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങൾ ഇന്നലെ കണ്ടെടുത്തിരുന്നു.
ഒരു കത്തിയും ഇരുമ്പ് ദണ്ഡുമാണ് തലശേരി വാവാച്ചിമുക്കിൽ പ്രതികളിലൊരാളായ റോഷനുമായെത്തി പൊലീസ് കണ്ടെടുത്തത്. 11 പ്രതികളുണ്ടെന്ന് സംശയിക്കുന്ന കേസിൽ അഞ്ച് പേരാണ് ഇതുവരെ പിടിയിലായത്. പൊലീസ് അന്വേഷിക്കുന്ന 3 പേരുടെ മുൻകൂർ ജാമ്യാപേക്ഷ തലശേരി കോടതിയുടെ പരിഗണനയിലാണ്.
തെരഞ്ഞെടുപ്പിന് ഇടയിലാണ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന നസീർ ആക്രമിക്കപ്പെടുന്നത്. പ്രതിപക്ഷം നിയമസഭയിലും വിഷയം അവതരിപ്പിച്ചിരുന്നു. എന്നാൽ നസീറിനോട് സിപിഎമ്മിന് ശത്രുതയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആക്രമണത്തിന്‍റെ പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ആരോപണങ്ങളെല്ലാം എഎൻ ഷംസീറിന്‍റെ നേർക്ക് നീളുമ്പോഴും സിപിഎം വലിയ പ്രതിരോധമൊന്നും ഉയർത്തുന്നില്ല.
No comments
Post a Comment