Header Ads

  • Breaking News

    കൊച്ചി- ദുബായ് 'ഡ്രീംലൈനര്‍' ജൂലായ് ഒന്നുമുതല്‍ വീണ്ടും


    കൊച്ചിയില്‍നിന്ന്‌ ദുബായിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യയുടെ വലിയ വിമാനമായ ഡ്രീംലൈനര്‍ ജൂലായ് ഒന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കും. മുന്‍സമയക്രമപ്രകാരംതന്നെയായിരിക്കും സര്‍വീസുകള്‍.

    ഇക്കഴിഞ്ഞ മാര്‍ച്ച്‌ 13-ന്‌ നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. ഡ്രീംലൈനര്‍ സര്‍വീസ് അനിശ്ചിതമായി റദ്ദാക്കിയതിനെക്കുറിച്ച്‌ മേയ് 28-ന്‌ 'കാണാനില്ല, ഡ്രീംലൈനര്‍' എന്ന തലക്കെട്ടില്‍ 'മാതൃഭൂമി' റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ പ്രവാസിസംഘടനകള്‍ എയര്‍ ഇന്ത്യ അധികൃതരെ കണ്ട് വിമാനസര്‍വീസ് പുനരാരംക്കാന്‍ നടപടി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുബഹളത്തിനിടയില്‍ നാട്ടില്‍ അധികമാരും ശ്രദ്ധിക്കാതിരുന്നവിഷയം പിന്നീട് വിവിധ രാഷ്ട്രീയകക്ഷികളും ഉയര്‍ത്തിക്കൊണ്ടുവന്നു. സമ്മര്‍ദമേറിയതോടെയാണ് വിമാനസര്‍വീസ് ജൂലായ് ഒന്നിന്‌ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.
    സെപ്റ്റംബര്‍വരെ ഡ്രീംലൈനര്‍ സര്‍വീസുണ്ടാവില്ലെന്ന മുന്‍ പ്രഖ്യാപനവും എയര്‍ ഇന്ത്യയുടെ പുതിയ അറിയിപ്പിലൂടെ റദ്ദായി. കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഏക ഡ്രീംലൈനര്‍ വിമാനസര്‍വീസാണ് നെടുമ്ബാശ്ശേരി കേന്ദ്രീകരിച്ച്‌ പറന്നിരുന്നത്. ദുബായിക്കും കൊച്ചിക്കും ഡല്‍ഹിക്കുമിടയിലായിരുന്നു ഈ വിമാനം പറന്നുകൊണ്ടിരുന്നത്.

    ബാലാകോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെത്തുടര്‍ന്നാണ് പാകിസ്താന്റെ ആകാശപരിധിയിലൂടെയുള്ള ഇന്ത്യന്‍ വിമാനങ്ങളുടെ യാത്ര നിര്‍ത്തലാക്കിയിരുന്നു. വിമാനജീവനക്കാരുടെ ജോലിസമയം ഇതോടെ നീണ്ടുവെന്ന കാരണം പറഞ്ഞാണ് ആദ്യം മാര്‍ച്ച്‌ 13 മുതല്‍ ഏപ്രില്‍ അവസാനംവരെ ഡ്രീംലൈനറിന്റെ കൊച്ചിയിലേക്കുള്ള യാത്ര അവസാനിപ്പിച്ചത്. പകരം എ-320 നിയോ ടൈപ്പ് വിമാനം പറന്നുതുടങ്ങി. ഇതോടെ നിത്യവും ദുബായ്- നെടുമ്ബാശ്ശേരി പാതയില്‍മാത്രം 94 യാത്രക്കാരുടെ അവസരമാണ് നഷ്ടമായത്. ഡ്രീംലൈനറിന്റെ അറ്റകുറ്റപ്പണിക്കുള്ള സംവിധാനം ഡല്‍ഹി വിമാനത്താവളത്തില്‍മാത്രമേയുള്ളൂവെന്നതും സര്‍വീസ് ചുരുക്കാനുള്ള മറ്റൊരു കാരണമായി എയര്‍ ഇന്ത്യ പറഞ്ഞിരുന്നു.


    പുലര്‍ച്ചെ 5.10-നു ഡല്‍ഹിയില്‍നിന്ന്‌ പുറപ്പെട്ട് എട്ടുമണിയോടെ നെടുമ്ബാശ്ശേരിയെത്തുന്ന ഡ്രീംലൈനര്‍ തുടര്‍ന്ന് 9.15-ന് ദുബായിലേക്ക് പറക്കും. ഉച്ചയ്ക്ക് 12.10-നെത്തുന്ന ആ വിമാനം 1.35-ന്‌ നെടുമ്ബാശ്ശേരിയിലേക്ക്‌ തിരിച്ചുപറക്കും. വൈകീട്ട് 6.50-ന് അവിടെയെത്തുന്ന വിമാനം രാത്രി 8.15-ന്‌ ഡല്‍ഹിയിലേക്ക്‌ പോകുന്ന രീതിയിലായിരുന്നു സര്‍വീസ്. രാത്രി 11.20-ന്‌ ഡല്‍ഹിയിലുമെത്തും. ഈ സര്‍വീസാണ് നിയോ ടൈപ്പ് വിമാനം ഉപയോഗിച്ച്‌ എയര്‍ ഇന്ത്യ ഏതാനുംമാസമായി നടത്തിവരുന്നത്. ഡ്രീംലൈനറില്‍ 18 ബിസിനസ് ക്ലാസ് സീറ്റുകളും 238 ഇക്കോണമി ക്ലാസ് സീറ്റുകളുമാണുള്ളത്. 

    നിയോ ടൈപ്പിലാകട്ടെ ഇത്‌ യഥാക്രമം പന്ത്രണ്ടും 150-ഉം ആണ്. ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ റദ്ദാക്കിയതും ഡ്രീംലൈനര്‍ നിര്‍ത്തിയതുംകാരണം ഗള്‍ഫില്‍നിന്ന്‌ നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ദിവസങ്ങളായി കുതിച്ചുയരുകയാണ്.

    No comments

    Post Top Ad

    Post Bottom Ad