Header Ads

  • Breaking News

    കണ്ണൂരില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന് സി.പി.എം നേതാവ് ഉറപ്പു നല്‍കിയെന്ന് അബ്ദുള്ളക്കുട്ടി



    കണ്ണൂര്‍: 
    കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പു വേളയില്‍ കണ്ണൂരില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആവശ്യപ്പെട്ട് ഒരു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സമീപിച്ചതായി എ.പി അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് തന്റെ ചുമലില്‍ തട്ടി സി.പി.എം നേതാവ് ഇടതു സ്ഥാനാര്‍ഥിയാകാന്‍ ക്ഷണിച്ച കാര്യം അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയത്.

     എന്നാലിതാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. കണ്ണൂരില്‍ കെ.സുധാകരന്‍ തനിക്ക് സീറ്റു നല്‍കില്ലെന്നുറപ്പായിരുന്നു. എന്നിട്ടും ഈ ഓഫര്‍ സ്വീകരിച്ചില്ലെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ ശേഷം പിണറായി വിജയനെ മുഖാമുഖം കണ്ടിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണനുമായും ഗോവിന്ദന്‍ മാസ്റ്ററുമായുമൊക്കെ പലതവണ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

     പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമുഖത്തിലുടനീളം പ്രശംസിക്കുന്നുണ്ട്. ലോക നേതാക്കളിലൊരാളായി മാറിയ ഇന്ത്യയിലെ ശക്തനായ ഭരണാധികാരിയാണ്. പാവങ്ങള്‍ക്ക് കക്കൂസുകളും ഗ്യാസ് കണക്ഷനുകളും നല്‍കി. മന്‍മോഹന്‍ സിംഗിന്റെ നയങ്ങള്‍ കുറച്ചു കൂടി ആര്‍ജവത്തോടെ മോദി നടപ്പാക്കുകയായിരുന്നു. വര്‍ഗീയ കലാപങ്ങളൊക്കെ രാജ്യം മറക്കുകയാണ്. മുറിവുകള്‍ ഉണങ്ങുകയാണ്. ഐക്യവും സമാധാനവുമുണ്ടായാലേ വികസനമുണ്ടാവുകയുള്ളൂ. 

    മുസ്ലിം യുവാക്കള്‍ പോലും മോദിയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്..... ഇങ്ങനെ തുടരുന്നു അബ്ദുള്ളക്കുട്ടിയുടെ അഭിമുഖം. ബി.ജെ.പിയിലേക്കില്ലെന്നു അബ്ദുള്ളക്കുട്ടി പറയുമ്പോഴും മഞ്ചേശ്വരത്ത് കാണാമെന്ന് പറഞ്ഞാണ് ലേഖകന്‍ അഭിമുഖം അവസാനിപ്പിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad