ആന്‍ഡ്രോയിഡിന് പുതിയ എതിരാളി; വേഗമേറിയ 'ഒറോറ ഓഎസ്' പരീക്ഷിക്കാന്‍ വാവേ
ലോകം വാഴുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പുതിയ എതിരാളിയെത്തുന്നു. അമേരിക്കന്‍ വാണിജ്യ വിലക്കിനെ തുടര്‍ന്ന് നഷ്ടമായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓഎസിന് പകരം വാവേ റഷ്യന്‍ നിര്‍മിതമായ ഓറോറ ഓഎസ് ( Aurora OS )പരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫിന്‍ലന്റ് സ്ഥാപനമായ ജോല്ല (Jolla) വികസിപ്പിച്ച സെയ്ല്‍ഫിഷ് ഓഎസ് (Sailfish OS) അധിഷ്ടിതമാക്കി റഷ്യന്‍ വ്യവസായിയായ ഗ്രിഗറി ബെറെസ്‌കിനിന്റെ സാമ്ബത്തിക പിന്തുണയില്‍ റഷ്യന്‍ ഓപ്പണ്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ച ഓപ്പറേറ്റിങ് സിസ്റ്റമാണ് ഒറോറ. 2018 ല്‍ റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റോസ് ടെലികോം ഓപ്പണ്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ 75 ശതമാനം ഓഹരി സ്വന്തമാക്കിയതോടെ ഓറോറ റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി.
വാവേ ഫോണുകള്‍ ഓറോറ ഓഎസിലേക്ക് മാറുന്നതിന്റെ സാധ്യതകള്‍ വാവേയുടെ റോട്ടേറ്റിങ് ചെയര്‍മാന്‍ ഗുവോ പിങും റഷ്യയുടെ ഡിജിറ്റല്‍ ഡെവലപ്പ്‌മെന്റ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി കോണ്‍സ്റ്റാന്റിന്‍ നോസ്‌കോവും തമ്മില്‍ ചര്‍ച്ച ചെയ്തതായി റഷ്യന്‍ മാധ്യമമായ ദി ബെല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ യുദ്ധം അമേരിക്കന്‍ കമ്ബനിയായ ഗൂഗിളിന് വന്‍ തിരിച്ചടിയാകാനാണ് സാധ്യത. ചൈനീസ് ഇലക്‌ട്രോണിക് ഉപകരണ നിര്‍മാണ സ്ഥാപനമായ വാവേയ്ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ കമ്ബനികളെല്ലാം വാവേയുമായുള്ള സഹകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. വാവേയ്ക്ക് ആന്‍ഡ്രോയിഡ് ഓഎസ് നല്‍കിവന്നിരുന്നത് ഗൂഗിളും നിര്‍ത്തിവെച്ചു.
എന്നാല്‍ അമേരിക്ക വാണിജ്യ വിലക്കുകള്‍ ശക്തമാക്കിയതോടെ ചൈന ശക്തരായ റഷ്യയുമായി സൗഹൃദത്തിലായി. അമേരിക്കയിലെ 5ജി ശൃംഖലയില്‍ വാവേയെ അടുപ്പിക്കരുതെന്ന് അമേരിക്ക തീരുമാനിച്ചപ്പോള്‍ റഷ്യ വാവേയ്ക്ക് വാതിലുകള്‍ തുറന്നിട്ടു. 5ജി സാങ്കേതിക വിദ്യ വികസനത്തിനായി റഷ്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ എംടിഎസുമായി ധാരണയിലെത്തിയത് അടുത്തിടെയാണ്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേയുമായുള്ള സഹകരണം ഓറോറ ഓഎസിന് വലിയ നേട്ടവും ആന്‍ഡ്രോയിഡിന് തിരിച്ചടിയുമായേക്കും. ചൈന ഇതിനോടകം ഓറോറ ഓഎസ് പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യയില്‍ കൂടുതല്‍ ഉത്പാദന പദ്ധതികള്‍ ആരംഭിക്കാനും വാവേ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ആന്‍ഡ്രോയിഡിന് പകരം സ്വന്തമായി ആന്‍ഡ്രോയിഡില്‍ അധിഷ്ടിതമായ ഹോങ്‌മെങ് ഓഎസും വാവേ തയ്യാറാക്കുന്നുണ്ട്. മറ്റ് ചൈനീസ് ബ്രാന്റുകളായ ടെന്‍സെന്റ്, വാവേ, ഓപ്പോ, വിവോ തുടങ്ങിയ സ്ഥാപനങ്ങള്‍ ഹോങ്‌മെങ് ഓഎസ് പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ചൈനീസ് കമ്ബനികള്‍ വാവേയുടെ സ്വന്തം ഓഎസിലേക്ക് മാറുകയും റഷ്യയുമായുള്ള സാങ്കേതിക സഹകരണം ചൈന ശക്തമാക്കുകയും ചെയ്താല്‍ സാങ്കേതിക വിദ്യാ രംഗത്തെ അമേരിക്കയുടെ ആധിപത്യം ഭീഷണിയിലാവും.
No comments
Post a Comment