വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്ന് കെ. സുധാകരന്‍
കണ്ണൂര്‍:
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പോലീസ് ശരിയായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ നിയമം കൈയിലെടുക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സിപിഎമ്മിന് ഒരു നീതിയും പ്രതിപക്ഷത്തിന് മറ്റൊരു നീതിയുമാണെന്ന സ്ഥിതി അനുവദിക്കാനാവില്ല. സിഒടി നസീറിന്റെ വധശ്രമത്തില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തിലും പോലീസിലും വിശ്വാസം നഷ്ടപ്പെടുമ്ബോള്‍ നിയമം കൈയിലെടുക്കേണ്ടിവന്നാല്‍ അതിനും കോണ്‍ഗ്രസ് മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.കുടുംബത്തിന്റെ ഏകാവലംബമായ യുവാക്കളെയാണ് സിപിഎമ്മുകാര്‍ ഇല്ലാതാക്കിയത്. എന്നിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഒരു സംഭവത്തിലും തങ്ങള്‍ക്ക് പങ്കില്ല എന്നാണ് സിപിഎം ആദ്യം പറയുക. ഇപ്പോള്‍ സിഒടി നസീറിനെതിരായ ആക്രമണത്തിലടക്കം സിപിഎമ്മിന്റെ പങ്ക് പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ കൊല്ലാന്‍ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎമ്മിന് ജനാധിപത്യത്തില്‍ യാതൊരു പ്രസക്തിയുമില്ല. കള്ളവോട്ട് അവരുടെ അവകാശമാണെന്നാണ് അവര്‍ കരുതുന്നത്. എന്തുകൊണ്ട് സിഒടി നസീര്‍ സിപിഎം വിരുദ്ധനായി മാറിയെന്ന് പാര്‍ട്ടി പരിശോധിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
No comments
Post a Comment