Header Ads

  • Breaking News

    ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തേക്ക് കെ.സുരേന്ദ്രന് സാധ്യത


    തിരുവനന്തപുരം:
    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാകാന്‍ സാധ്യത. കേരളത്തില്‍ ഇത്തവണ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതും പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് വഴക്ക് വര്‍ദ്ധിച്ചതും നിലവിലെ അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്‌ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.
    രണ്ട് മാസത്തിനുള്ളില്‍ തന്നെ അംഗത്വ വിതരണം പൂര്‍ത്തിയാക്കി ബി.ജെ.പി ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് കടക്കും.

     ഈ സാഹചര്യത്തില്‍ പൊതുസമ്മതനെന്ന നിലയില്‍ സുരേന്ദ്രനെ തിരഞ്ഞെടുക്കാനാണ് സാധ്യത. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്‌ടപ്പെട്ട അദ്ധ്യക്ഷസ്ഥാനം സുരേന്ദ്രന് ഉറപ്പിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്. അതിനിടെ, കൃഷ്‌ണദാസ് വിഭാഗം എം.ടി.രമേശന് വേണ്ടിയും ശ്രീധരന്‍പിള്ളയെ അനുകൂലിക്കുന്നവര്‍ കെ.പി.ശ്രീശന് വേണ്ടിയും ശ്രമം തുടങ്ങിയിട്ടുണ്ട്.

    എന്നാല്‍ കേന്ദ്രനേതൃത്വം ഇതുവരെ സംസ്ഥാന നേതാക്കളുടെ നീക്കത്തോട് പ്രതികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ മാത്രം പാര്‍ട്ടി നിലംതൊടാതെ പോയത് കേന്ദ്രനേതൃത്വത്തിന്റെ അനിഷ്‌ടത്തിന് കാരണമായിട്ടുണ്ട്. ഇതിന് പുറമെ പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും ആര് അദ്ധ്യക്ഷ പദവിയിലെത്തിയാലും മറുഗ്രൂപ്പുകാര്‍ നിസഹകരണം തുടരുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു.

    No comments

    Post Top Ad

    Post Bottom Ad