പരിയാരം:കാലവർഷം കനക്കുമ്പോൾ പരിയാരം പൊലീസ് സ്റ്റേഷന് ചോർച്ചയുടെ ദുരിതകാലം.ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പരിയാരം സ്റ്റേഷനിൽ മഴ പെയ്താൽ വെള്ളം മുറിയിലേക്കാണു വീഴുന്നത്. മഴവെള്ളത്തിൽ ഫയലുകളും മറ്റും നശിക്കാതിരിക്കാൻ പ്ലാസ്റ്റിക് പൊതിഞ്ഞുവയ്ക്കണംമുറിയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ബക്കറ്റ് വയ്ക്കണം. 2009ൽ ടിബി ആശുപത്രിയുടെ അസൗകര്യത്താൽ വീർപ്പുമുട്ടിയ ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണു പരിയാരം പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്.10 വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം അധികൃതർ നിർമിച്ചില്ല. കഴിഞ്ഞവർഷം പുതിയ കെട്ടിടം നിർമിക്കാൻ സ്റ്റേഷൻ പരിസരത്ത് അരയേക്കർ സ്ഥലം അനുവദിച്ചെങ്കിലും മറ്റു നടപടികൾ അധികൃതർ സ്വീകരിച്ചില്ല.സ്റ്റേഷൻ പരിസരത്ത് കാടും പഴയ വാഹനങ്ങളും നിറഞ്ഞതിനാൽ ഇഴ ജന്തുക്കളുടെ ശല്യവും സഹിക്കണം.കഴിഞ്ഞദിവസം രാത്രി മൂർഖൻ പാമ്പ് സ്റ്റേഷനിലേക്ക് ഇഴഞ്ഞു കയറിയതു പൊലീസുകാരെ ആശങ്കയിലാക്കി.ക്വാർട്ടേഴ്സും ലോക്കപ്പ് സൗകര്യവുമില്ലാത്ത ദുരിതത്തിനു പരിഹാരം തേടുകയാണു പരിയാരം പൊലീസ് സ്റ്റേഷൻ.
No comments
Post a Comment