റോഡിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ കുടുങ്ങി രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
ഇരിട്ടി :
ഓടിക്കൊണ്ടിരുന്ന ബൈക്ക് റോഡിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ കുടുങ്ങി രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുന്നോത്ത് സ്വദേശികളും വിദ്യാർത്ഥികളുമായി അഖിൽ (20 ), അപ്പു (21 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 8 മണിയോടെ ഇരിട്ടി - കൂട്ടുപുഴ റോഡിൽ ബെൻഹിൽ ഇറക്കത്തിലായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നും വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. റോഡരികിൽ ഉണങ്ങി നിന്ന മരം വൈദ്യുതി ലൈനിൽ വീണതിനെത്തുടർന്ന് ലൈൻ പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് രണ്ടുപേരും സഞ്ചരിച്ച ബൈക്ക് റോഡിൽ വീണ വൈദ്യുതി സഞ്ചാരമുള്ള കമ്പികളിൽ കുടുങ്ങുകയായിരുന്നു. റോഡിൽ എഴുന്നേൽക്കുവാൻ ആകാതെ കുടുങ്ങിക്കിടന്ന ഇവരെ രക്ഷിക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇരിട്ടി, വള്ളിത്തോട് വൈദ്യുതി ഓഫീസുകളുമായി ബന്ധപ്പെട്ടപ്പോഴും ആരും ഫോൺ എടുത്തില്ല. ഒരു പോലീസ് വണ്ടി കടന്നുപോയെങ്കിലും അവർ നിർത്താതെ ഓടിച്ചുപോയി. ഇതിനിടയിൽ സമീപവാസിയായ സതീശൻ എന്ന ആളാണ് വൈദ്യുതി വിച്ഛേദിച്ച് ഇവരെ രക്ഷിച്ചത്. ഇരിട്ടി എസ് ഐ യും , അഗ്നിശമന സേനയും സ്ഥലത്തു എത്തിയിരുന്നു. ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് ഇവർ രണ്ടുപേരും രക്ഷപ്പെട്ടത് എന്ന് നാട്ടുകാർ പറഞ്ഞു.
No comments
Post a Comment