Header Ads

  • Breaking News

    ട്രോളിങ് നിരോധനത്തെ ആയുധമാക്കി ; മത്സ്യ വിപണന രംഗത്ത് വൻതട്ടിപ്പ്


    കോഴിക്കോട് : 
    സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതോടെ മത്സ്യ വിപണന രംഗത്ത് വൻതട്ടിപ്പ് നടക്കുന്നുവെന്ന് റിപ്പോർട്ട്. മത്സ്യക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചു പായ്ക്കുചെയ്ത ശീതീകരിച്ച മത്സ്യം (ഫ്രോസൻ ഫിഷ്) വിപണിയിലെത്തുന്നു.
    ട്രോളിങ് നിരോധനത്തെത്തുടർന്നു ഫ്രോസൻ ഫിഷ് വിൽപന നടത്താൻ ഭക്ഷ്യസുരക്ഷാവകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണു ടൺ കണക്കിനു മത്സ്യം കോഴിക്കോട് ജില്ലയിലെത്തുന്നത്. ശാസ്ത്രീയമായി ശീതീകരിച്ചു സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു പായ്ക്കു ചെയ്യുന്ന മത്സ്യം അംഗീകൃത വിതരണക്കാർ വഴി വിപണിയിലെത്തുന്നുണ്ട്. ഇതിന്റെ മറപിടിച്ചാണു വ്യാജൻമാരുടെ കച്ചവടം.
    ശാസ്ത്രീയമായി ശീതീകരിച്ച മത്സ്യം സുരക്ഷിതമായ ഭക്ഷ്യവിഭവങ്ങളുടെ പട്ടികയിലാണ്. മത്സ്യം പിടിച്ച ശേഷം വൃത്തിയാക്കി മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ ശീതീകരിക്കുന്നു. ഉപഭോക്താവിലെത്തുന്നതു വരെ ഈ കോൾഡ് ചെയിൻ നിലനിർത്തണമെന്നാണു ചട്ടം. ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യം ഒരു വർഷം വരെ കേടുകൂടാതെയിരിക്കും.
    ഫ്രോസൻ ഫിഷ് പായ്ക്കു ചെയ്തു വിപണിയിലെത്തിക്കുന്നതിനു ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കർശന മാനദണ്ഡങ്ങളുണ്ട്. ഉൽപാദകന്റെ പേര്, ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ, ശീതികരിച്ച തീയതി, കാലാവധി, തുടങ്ങി 13 വിവരങ്ങൾ പായ്ക്കറ്റിനു പുറത്തു രേഖപ്പെടുത്തണമെന്നാണു ചട്ടം.

    No comments

    Post Top Ad

    Post Bottom Ad