Header Ads

  • Breaking News

    മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000, ലൈസന്‍സില്ലെങ്കില്‍ 5000; ശിക്ഷ കര്‍ശനമാക്കി കേന്ദ്രം


    കണ്ണൂർ : 
    ഗതാഗത നിയമലംഘനത്തിനുള്ള ശിക്ഷ പല മടങ്ങായി വർധിപ്പിച്ചുള്ള മോട്ടോർ വാഹന ഭേദഗതിൽ ബിൽ കേന്ദ്രസർക്കാർ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5000 രൂപ, മദ്യപിച്ചു വാഹനമോടിച്ചാൽ 10,000 രൂപ, ഹെൽമെറ്റ് ഇല്ലെങ്കിൽ ആയിരംരൂപയും മൂന്നുമാസം ലൈസൻസ് റദ്ദാക്കലും അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയാൽ രണ്ടായിരം രൂപ, സീറ്റു ബെൽറ്റില്ലെങ്കിൽ ആയിരം രൂപ എന്നിങ്ങനെയാണ് ബില്ലിൽ ശുപാർശ ചെയ്തിട്ടുള്ള ശിക്ഷാ വ്യവസ്ഥകൾ.
    അപകടകരമായി വാഹനമോടിച്ചാൽ 5000 രൂപയായിരിക്കും പിഴ. ഇപ്പോഴിത് ആയിരം രൂപയാണ്. ഗതാഗതവകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ചാൽ ഇനി രണ്ടായിരംരൂപ പിഴയൊടുക്കണം. ഇപ്പോൾ അഞ്ഞൂറു രൂപയാണു പിഴ. പ്രായപൂർത്തിയാകാത്തവർ നിയമലംഘനം നടത്തിയാൽ രക്ഷാകർത്താവോ വണ്ടിയുടമയോ കുറ്റക്കാരാകും.
    രജിസ്ട്രേഷൻ റദ്ദാക്കലിനു പുറമെ കാൽലക്ഷംരൂപ പിഴയും മൂന്നുവർഷം തടവും ലഭിക്കും. ആംബുലൻസിനു വഴിമാറിയില്ലെങ്കിൽ പതിനായിരം രൂപ പിഴയുണ്ടാകും. ചട്ടലംഘനം നടത്തി അയോഗ്യത കല്പിക്കപ്പെട്ട സമയത്ത് അതുലംഘിച്ച് വാഹനമോടിക്കുന്നവർക്ക് പതിനായിരം രൂപ പിഴയും ശുപാർശ ചെയ്തിട്ടുണ്ട്.
    അതിവേഗത്തിനുള്ള പിഴ ആയിരത്തിൽനിന്ന് രണ്ടായിരമായി കൂട്ടും. വാഹനാപകടത്തിൽ മരിച്ചാൽ അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റാൽ രണ്ടര ലക്ഷവും നഷ്ടപരിഹാരം നൽകാനാണ് ബില്ലിലെ ശുപാർശ.
    ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള കാലാവധി ഒരു മാസത്തിൽ നിന്ന് ഒരു വർഷമായും ഉയർത്തി. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ് ബില്ലെന്ന് അവതരണവേളയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, 18 സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയെന്നും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വിശദീകരിച്ചു.
    സുരക്ഷ വർധിപ്പിക്കാനും റോഡപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണു ബില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ കടമ്പ കടക്കാത്തതിനാൽ തിങ്കളാഴ്ച വീണ്ടും അവതരിപ്പിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad