Header Ads

  • Breaking News

    വ്യാജ ദിനേശ് ബീഡി; പ്രധാന പ്രതിയുടെ വീട്ടില്‍നിന്നും 18,000 കെട്ട് ബീഡി പിടിച്ചെടുത്തു; പ്രതി രക്ഷപ്പെട്ടു


    തളിപ്പറമ്പ്: 
    വ്യാജ ദിനേശ് ബീഡി വിപണന രംഗത്തെ പ്രധാന പ്രതി അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കോഴിക്കോട് താമരശേരി തച്ചംപൊയിലിലെ പുതിയാ റമ്പത്ത് ഒ.പി.മുഹമ്മദ് കോയ (60) ആണ് പോലീസിനെ വെട്ടിച്ച് കടന്നത്. ഇയാളെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്നും 18,000 കെട്ട് വ്യാജബീഡിയും നിരവധി ലേബലുകളും പിടിച്ചെടുത്തു.


    തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ കെ.പി.ഷൈൻ, എ എസ് ഐ വി.എ.മാത്യു, ക്രൈം സ്ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശൻ എന്നിവർ താമരശേരി പോലീസിന്റെ സഹായത്തോടെ സെർച്ച് വാറണ്ട് പ്രകാരം വീട്ടിലെത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി അറിഞ്ഞത്.

    ബാലുശ്ശേരി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലയിലെ കോഴിക്കോട് അതിർത്തി പ്രദേശം എന്നിവിടങ്ങളിൽ വ്യാജ ദിനേശ് ബീഡി വർഷങ്ങളായി ഇയാൾ വിപണനം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. വ്യാജ ബീഡി വിൽപ്പനയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച ഇയാളുടെ മക്കളെല്ലാം ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവരാണ്.ഒരു മകനും മരുമകളും കണ്ണൂർ ജില്ലയിൽ കോളജ് അധ്യാപകനും ഡോക്ടറുമാണെന്ന് പോലീസ് പറഞ്ഞു. വീടിന്റെ മുകളിൽ കൊപ്ര ഉണക്കാനിട്ടതിന്റെയൊപ്പം അടുക്കുകളായി ഒളിച്ചു വെച്ച 18000 കെട്ട് വ്യാജ ദിനേശ് ബീഡി പോലീസ് പിടിച്ചെടുത്തു. വർഷങ്ങളായി വ്യാജബീഡി വിൽപ്പന രംഗത്ത് പ്രവർത്തിക്കുന്ന മുഹമ്മദ് കോയ ഇതേ വരെ പോലീസിന്റെ പിടിയിലായിട്ടില്ല.

    നേരത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം പ്രതിനിധികൾ മുഹമ്മദ് കോയയുടെ വീട്ടിൽ പരിശോധനക്ക് വന്നിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശിവകാശിയിലെ മുരുകൻ എത്തിച്ചു നൽകിയ വ്യാജ ബീഡിയുടെ സ്റ്റിക്കറും ലേബലുകളും ഇവിടെ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ വ്യാജബീഡി വിപണന രംഗത്തെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

    തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ബീഡി നിർമിച്ച് കേരളത്തിലെത്തിക്കുന്ന ജോൺസൺ, ശിവകാശിയിലെ മുരുകൻ എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളതെന്ന് പോലീസ് പറഞ്ഞു. ഇതിൽ ജോൺസന്റെ നിർമ്മാണശാലയിൽ മുന്നൂറിലേറെ പേർ ജോലി ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad