Header Ads

  • Breaking News

    ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച 224 പേരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി


    കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ പൊതുതിരഞ്ഞെടുപ്പിലും  സ്ഥാനാർത്ഥികളായി മത്സരിച്ച 224 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അയോഗ്യരാക്കി. തിരഞ്ഞെടുപ്പിന്റെ ചെലവ് കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവരെയും തിരഞ്ഞെടുപ്പിന് പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചവരെയുമാണ് കമ്മിഷൻ അയോഗ്യരാക്കിയത്. 2015-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം 2018 ഡിസംബർ വരെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ ചെലവ് കണക്കുകളാണ് കമ്മിഷൻ പരിശോധിച്ചത്. കേരള പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 89 എന്നിവ പ്രകാരമുള്ള ഈ അയോഗ്യിത ഉത്തരവ് ജൂലൈ 11 മുതൽ അഞ്ചു വർഷത്തേക്ക് നിലനിൽക്കും. അയോഗ്യത മൂലമുണ്ടായ നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മിഷനെ അറിയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.  അയോഗ്യരായവർക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020-ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് ഉൾപ്പെടെ 2024 ജൂലൈ വരെയുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളായി മത്സരിക്കുമ്പോൾ ഗ്രാമ പഞ്ചായത്തിൽ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തിൽ 30,000 രൂപയും ജില്ലാപഞ്ചായത്തിൽ 60,000 രൂപയുമാണ് ഒരാൾക്ക് തിരഞ്ഞെടുപ്പിന് ചെലവഴിക്കാവുന്ന പരമാവധി തുക. മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും കാര്യത്തിൽ ഒരു സ്ഥാനാർത്ഥിക്ക് യഥാക്രമം 30,000, 60,000 രൂപയാണ് യഥാക്രമം പരമാവധി വിനിയോഗിക്കാൻ സാധിക്കുക. ഉപതിരഞ്ഞെടുപ്പുകളിലും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ  പൊതുതിരഞ്ഞെടുപ്പിലും മത്സരിച്ച സ്ഥാനാർത്ഥികളിൽ കണക്ക് നൽകാത്തവരുടെയും പരിധിയിൽ കൂടുതൽ ചെലവ് ചെയ്തവരുടെയും വിവരങ്ങൾ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ കമ്മിഷന് നൽകിയിരുന്നു. കമ്മിഷൻ റിപ്പോർട്ട് പരിശോധിക്കുകയും കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങൾക്ക് വിധേയമായി അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഇതിന്‌ശേഷം ചെലവ് കണക്ക് യഥാസമയം നൽകാത്തതിന് മതിയായ കാരണങ്ങൾ ബോധിപ്പിച്ചുകൊണ്ട് കണക്ക് സമർപ്പിച്ചവർക്കെതിരെയുള്ള നടപടികൾ കമ്മീഷൻ അവസാനിപ്പിച്ചിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റിയിട്ടും ചെലവ്  കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തുകയും, വീഴ്ചയ്ക്ക് മതിയായ കാരണമോ ന്യായീകരണമോ ബോധിപ്പിക്കാതിരിക്കുകയോ, തിരഞ്ഞെടുപ്പിന് നിർണയിക്കപ്പെട്ട പരിധിയിൽ കൂടുതൽ തുക ചെലവാക്കുകയോ ചെയ്തവരെയാണ് കമ്മീഷൻ അയോഗ്യരാക്കിയത്. ജില്ലാ പഞ്ചായത്തിലെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെ 13-ഉം ഗ്രാമപഞ്ചായത്തുകളിലെ 143-ഉം മുനിസിപ്പാലിറ്റിയിലെ 51-ഉം കോർപ്പറേഷനുകളിലെ 15-ഉം സ്ഥാനാർത്ഥികൾക്കാണ് അയോഗ്യത വന്നിട്ടുള്ളത്. അയോഗ്യരായവരുടെ കൂടുതൽ വിവരങ്ങൾ www.sec.kerala.gov.in ൽ ലഭ്യമാണ്.

    No comments

    Post Top Ad

    Post Bottom Ad