കണ്ണൂര്‍ വിമാനത്താവളം സ്വര്‍ണക്കടത്ത് കേന്ദ്രമാകുന്നു; ഇതുവരെ പിടികൂടിയത് 29 കിലോ സ്വര്‍ണം
മട്ടന്നൂര്‍:
ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം തികയുമ്ബോഴേക്കും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് പിടിയിലായവരുടെ എണ്ണവും പിടികൂടിയ സ്വര്‍ണത്തിന്റെ അളവും കസ്റ്റംസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാകുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇതുവരെയായി 29 കിലോ സ്വര്‍ണമാണ് പിടികൂടിയത്. കേസുകളുടെ എണ്ണം 31. ഇതില്‍ 26 കേസുകളും എയര്‍ കസ്റ്റംസിന്റേത്. കസ്റ്റംസ് പിടികൂടിയത് 7.08 കോടി രൂപ വിലവരുന്ന സ്വര്‍ണം. അതായത് 2695 പവന്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എട്ടു കിലോ സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. നാലു തവണകളിലായി ഹാഷിഷ് ഓയിലും 14 ലക്ഷം രൂപയുടെ സിഗരറ്റും കസ്റ്റംസ് പിടികൂടിയിരുന്നു. അയേണ്‍ബോക്സ്, മൈക്രോവേവ് ഓവന്, അപ്പച്ചട്ടി, ഹീറ്റര്‍, ഷൂസ്, ഡ്രില്ലിംഗ് മെഷീന് എന്നിവയ്ക്കുള്ളില്‍ കോയിലുകളായും തിരുകിവച്ചും അടിവസ്ത്രത്തിനുള്ളിലുമായി കടത്തിയ സ്വര്‍ണമാണ് ഇതുവരെ പിടികൂടിയത്. സ്വര്‍ണം പൊടിച്ച് തരിയാക്കിയും കമ്ബിരൂപത്തിലാക്കിയും കുഴമ്ബ് രൂപത്തിലാക്കിയും കടത്തുന്നു.
ശരീരത്തില്‍ ഒളിപ്പിച്ചുവച്ച് കടത്തുന്നവരും ധാരാളമായുണ്ട്. പൊടിച്ചും കുഴമ്ബ് രൂപത്തിലാക്കി ഗുളികരൂപത്തിലും മുട്ടയുടെ ആകൃതിയിലും റബര്‍ ഉറകളിലാക്കി മലദ്വാരത്തില്‍ സൂക്ഷിച്ചാണ് ഇത്തരക്കാര്‍ സ്വര്‍ണം കൊണ്ടുവരുന്നത്. ഇത്തരം കടത്ത് കണ്ടെത്തുക പ്രയാസകരമാണ്. യാത്രക്കാരന്റെ ചലനംപോലും ശ്രദ്ധയോടെ വീക്ഷിച്ചാണ് ഇത്തരക്കാരെ കൂടുതല്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തൊണ്ടിമുതല്‍ കണ്ടെടുക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ചവര്‍ക്കേ ശരീരത്തിന്റെ ഗുഹ്യഭാഗങ്ങളില്‍ സ്വര്‍ണം ഒളിച്ചുവച്ച് കടത്താനാകുകയുള്ളൂവെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു.
വിമാനത്താവളം ഉദ്ഘാടനം കഴിഞ്ഞ് പതിനാറാം ദിവസമായിരുന്നു ആദ്യത്തെ സ്വര്‍ണവേട്ട. 2018 ഡിസംബര്‍ 25ന് ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കണ്ണൂരില്‍ ഇറങ്ങിയ കതിരൂര്‍ സ്വദേശി മുഹമ്മദ് ഷാനില്നിന്ന് രണ്ട്ു കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇലക്ട്രിക് അപ്പച്ചട്ടിയിലും ഹീറ്ററിന്റെ ഒളിച്ചുവച്ചാണ് സ്വര്‍ണം കടത്തിയത്. സ്ത്രീകള്‍ മുതല്‍ ഇതര സംസ്ഥാനക്കാര്‍ വരെയുള്ളവര്‍ സ്വര്‍ണക്കടത്തുമായി പിടിയിലായിട്ടുണ്ട്. വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ മൂന്ന് ബാച്ചുകളിലായി തിരിച്ചാണ് കസ്റ്റംസിന്റെ പ്രവര്‍ത്തനം. അസി. കമ്മീഷണര്‍മാരായ മധുസൂദന ഭട്ട്, ഒ. പ്രദീപ് എന്നിവരുടെ കീഴില്‍ ഒന്‍പത് സൂപ്രണ്ടുമാരും 18 ഇന്‍സ്പെക്ടര്‍മാരും അഞ്ച് ഹവില്ദാര്മാരുമടങ്ങിയ 34 അംഗ സംഘമാണ് പരിശോധന നടത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനത്താവളമായ കണ്ണൂരില്‍ കസ്റ്റംസിനുള്ളത് അത്യാധുനിക ഉപകരണങ്ങളാണ്. ഹാന്‍ഡ് ഹെല്‍പ്പ് മെറ്റല്‍ ഡിറ്റക്ടര്‍ (എച്ച്എച്ച്എംഡി), ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍ (ഡിഎഫ്എംഡി), എക്സ്റേ സ്ക്രീനിംഗ് മെഷീന് എന്നിവയാണ് ഒളിച്ചുവച്ച സ്വര്‍ണം കണ്ടെത്താനുള്ള ഉപകരണങ്ങള്‍. ഒപ്പം ഉദ്യോഗസ്ഥരുടെ കൈകൊണ്ടുള്ള പരിശോധനയും. ഗുഹ്യഭാഗത്ത് സ്വര്‍ണം ഒളിച്ചുവച്ച് വിമാനമിറങ്ങി വരുന്ന യാത്രക്കാരെ നിരീക്ഷണത്തിലൂടെയാണ് കണ്ടെത്തുന്നത്. ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചുവച്ചാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ അത്തരക്കാര്‍ ഉറങ്ങുകയോ വെള്ളംപോലും കുടിക്കുകയോ ചെയ്യില്ല. ഇവരുടെ മുഖത്തും കണ്ണുകളിലുമുണ്ടാകുന്ന ഭാവവ്യത്യാസം നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ അത്തരക്കാരെ എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കും. സ്വര്‍ണമുണ്ടെന്ന് ഉറപ്പുവരുത്തുന്നതോടെ മധുരപാനീയങ്ങളോ പഴമോ കഴിപ്പിച്ച് സ്വര്‍ണം പുറത്തെത്തിക്കും.
സ്വര്‍ണം പിടികൂടിയാല്‍ 20 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപയ്ക്ക് താഴെവരെ വരുന്ന സ്വര്‍ണത്തിന് കൊണ്ടുവന്നയാളെ കസ്റ്റംസ് ഓഫീസര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും. അനധികൃതമായി നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്നവരുടെ സ്വര്‍ണം കണ്ടുകെട്ടും. ഒപ്പം സ്വര്‍ണത്തിന്റെ മൂല്യത്തിന് അനുസരിച്ച് പത്തു ശതമാനം പിഴയും ചുമത്തുന്നുണ്ട്. പിഴ എത്രയെന്നത് കസ്റ്റംസ് കമ്മീഷണറുടെ വിവേചനാധികരമാണ്. ഒരു കോടി രൂപയും അതിന് മുകളിലും മൂല്യമുള്ള സ്വര്‍ണമാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അതത് പരിധിയിലെ ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നുള്ള തീരുമാനം കോടതിയുടേതാണ്. എന്നാല്‍ ഈ പൊല്ലാപ്പ് ഒഴിവാക്കാന്‍ ഒരു കോടി രൂപയില്‍ താഴെ വിലവരുന്ന സ്വര്‍ണം എതാണ്ട് 2.800 കിലോ ഗ്രാമില്‍ കവിയാത്ത അളവിലേ കടത്തുകയുള്ളൂ. ഇതാണ് നിലവില്‍ പിടികൂടിയ കേസുകള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ ഇന്ത്യയിലും ഗള്‍ഫ് നാടുകളിലുമുള്ള വ്യത്യാസമാണ് സ്വര്‍ണക്കടത്തിന് കാരണമാകുന്നത്. അതോടൊപ്പം കള്ളപ്പണം എളുപ്പത്തില്‍ വെളുപ്പിക്കാനുള്ള മാര്‍ഗമായും സ്വര്‍ണം മാറുന്നു. ഇതുവരെ 11 ശതമാനമായിരുന്നു സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ. പുതിയ കേന്ദ്രബജറ്റില്‍ അത് 13.75 ആയി വര്‍ധിപ്പിച്ചു. വിദേശത്ത് ഒരുവര്‍ഷം താമസിച്ചശേഷം ഇന്ത്യയിലേക്ക് വരുന്ന പുരുഷന് 20 ഗ്രാം സ്വര്‍ണവും സ്ത്രീക്ക് 40 ഗ്രാം സ്വര്‍ണവും കൈവശം വയ്ക്കാനാണ് അവകാശമുള്ളത്. ആഭരണമായി മാത്രമേ കൈവശം വയ്ക്കാന്‍ പാടുള്ളൂ. സ്വര്‍ണം നാണയമായോ ബിസ്കറ്റായോ സൂക്ഷിച്ചാല്‍ കസ്റ്റംസിന്റെ പിടിവീഴും. വിദേശത്ത് ആറുമാസമോ അതിലധികമോ താമസിച്ച് തിരിച്ചുവരുന്ന ഒരാള്‍ക്ക് 13.75 ശതമാനം നികുതി നല്കി ഒരു കിലോ സ്വര്‍ണം കൊണ്ടുവരാം.
നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പലതരം ഉരുപ്പടികളിലുള്ളവയായതിനാല് അവ ഒടുവില്‍ സ്വര്‍ണപ്പണിക്കാരന്റെ അടുത്തെത്തിച്ച് വേര്‍തിരിക്കുകയാണ് പതിവ്. ഇതിനായി കസ്റ്റംസ് പ്രത്യേകം സ്വര്‍ണപ്പണിക്കാരുടെ പാനല്‍തന്നെ തയാറാക്കിയിട്ടുണ്ട്. ലഭിച്ച സ്വര്‍ണം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഉരുക്കിയും മറ്റും സ്വര്ണത്തകിടാക്കി മാറ്റും.
No comments
Post a Comment