Header Ads

  • Breaking News

    കെയർ ഹോം പദ്ധതി: ജില്ലയിൽ 44 വീടുകൾ പൂർത്തിയായി


    കുറ്റ്യാടി  :

     പ്രളയത്തിൽ  വീട‌് മണ്ണിലേക്ക‌് താഴ‌്ന്നുപോയതിന്റെ നടുക്കുന്ന  ഓർമകൾ ഇന്നും സജയന്റെ മനസ്സിൽനിന്ന‌് മാഞ്ഞിട്ടില്ല. കഴിഞ്ഞ ആഗസ‌്തിലുണ്ടായ പ്രളയത്തിലായിരുന്നു മരുതോങ്കരയിലെ കൂലിപ്പണിക്കാരനായ കുന്നുമ്മൽ സജയന്റെ ഓടിട്ട വീട് കിണറിനൊപ്പം താഴ‌്ന്നത‌്. അന്ന‌് നാട്ടുകാരാണ‌് ഈ കുടുംബത്തിന്റെ രക്ഷകരായത‌്.  സർക്കാരിന്റെ ഇടപെടലിൽ സജയന്റെയും കുടുംബത്തിന്റെയും കണ്ണീരൊപ്പുകയും  ഓടിട്ട  വീടിന്റെ സ്ഥാനത്ത‌്  മനോഹരമായ കോൺക്രീറ്റ‌് വീട‌് പണിതുയർത്തുകയും ചെയ‌്തു. 

    പ്രളയത്തിൽ വീട‌്  നഷ്ടമായ സജയനെപ്പോലുള്ളവരെ ഉൾപ്പെടുത്തി  44 പേർക്കാണ‌്  കെയർ ഹോം പദ്ധതിയിൽ  ജില്ലയിൽ സർക്കാർ വീടുകൾ നിർമിച്ചുനൽകിയത‌്. പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടിക്കായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് വഴി നടപ്പാക്കുന്നതാണ‌് കെയർ ഹോം പദ്ധതി. 44 വീടുകളും സമയബന്ധിതമായി നിർമിച്ച് താക്കോൽ കൈമാറി. വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട മാവൂർ ഊർക്കുഴിയിൽ അരീക്കുഴി കുഞ്ഞീമയ്ക്ക് മാവൂർ സർവീസ് സഹകരണ ബാങ്കും ഗുണഭോക്തൃ സമിതിയും ചേർന്ന‌് സ്ഥലം  വാങ്ങി  ബാങ്ക‌്  സുരക്ഷിത  വീട് നിർമിച്ചുനൽകിയതും പ്രളയത്തിലെ നന്മയുടെ പാഠമായി.  


    ജീവിത സമ്പാദ്യങ്ങളും വീടും പ്രളയത്തിൽ തകർന്നപ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ സർവവും നഷ്ടമായവരുടെ ജീവിതസ്വപ‌്നങ്ങളാണ‌് പദ്ധതിയിലൂടെ  പൂവണിഞ്ഞത‌്.   വടകര കൊയിലാണ്ടി താലൂക്കുകളിലായി   പന്ത്രണ്ട‌ുവീതവും താമരശേരിയിൽ ആറും കോഴിക്കോട്ട‌്  പതിനാലും വീടുകളാണ് പൂർത്തിയാക്കിയത‌്.

     കലക്ടറായിരുന്നു ഗുണഭോക്താക്കളെ  തെരഞ്ഞെടുത്തത്. വീട‌് നിർമാണത്തിനായി  താൽപര്യം പ്രകടിപ്പിച്ച  സഹകരണ സംഘങ്ങളെ ജില്ലാ ഭരണകേന്ദ്രം ഇതിനായി  ചുമതല നൽകി.  ജനകീയ കമ്മിറ്റികളും  ഗുണഭോക്തൃ കമ്മിറ്റിയും രൂപീകരിച്ച് സർക്കാർ അംഗീകരിച്ച പ്ലാനിലാണ‌് വീട‌് പണിതത‌്.  ഓരോ വീടിനും  അഞ്ചുലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിരുന്നു. ഈ തുക ജില്ലാ സഹകരണ ബാങ്കിൽ ഗുണഭോക്താവിന്റെയും നിർമാണ ചുമതലയുള്ള സംഘം സെക്രട്ടറിയുടെയും പേരിൽ ആരംഭിച്ച ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഈ തുകയേക്കാൾ   ചെലവുവരുന്ന വീടുകൾക്ക‌് ബാങ്കുകളും ഗുണഭോക്തൃ കമ്മിറ്റിയുമാണ് തുക വഹിച്ചിരുന്നത്.

     നിർമാണ പ്രവൃത്തിക്ക‌് സഹകരണ വകുപ്പിലെ ജീവനക്കാരനെയും ചുമതലപ്പെടുത്തി. 
    ചങ്ങരോത്ത‌് പഞ്ചായത്തിലെ കാപ്പുമ്മൽ ആയിഷയുടെ വീടിന് തറക്കല്ലിട്ട‌്   മന്ത്രി ടി പി രാമകൃഷ്ണനാണ‌് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത‌്.

    No comments

    Post Top Ad

    Post Bottom Ad