യൂസഫലിയും കേരളത്തെ കൈവിടുന്നു. ലുലു ഗ്രൂപ്പ് യു പിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത് 8000 കോടി രൂപയുടെ പദ്ധതികള്‍. സൃഷ്ടിക്കപ്പെടുന്നത് 45000 തൊഴിലവസരങ്ങള്‍. കേരളത്തിലെ സാഹചര്യങ്ങള്‍ മനംമടുപ്പിക്കുന്നുവെന്ന് പറയുന്ന യൂസഫലി നാട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്നത് നാമമാത്ര പദ്ധതികള്‍ മാത്രം
പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പും കേരളത്തെ കൈവിടുന്നു. ലുലുവിന്റെ പ്രധാന ഭാവിപദ്ധതികളൊക്കെ കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ഗ്രൂപ്പിന്റെ പുതിയ തീരുമാനം.
കേരളം നിക്ഷേപ സൌഹൃദ സംസ്ഥാനമാണെന്ന് സര്‍ക്കാരുകള്‍ ആവര്‍ത്തിക്കപ്പെടുമ്ബോഴും കേരളത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ വരുന്നവനെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സംഘടനകളും ചേര്‍ന്ന് ആട്ടിപ്പായിക്കുകയാണെന്ന് എം എ യൂസഫലി അടുത്തിടെ പ്രതികരിച്ചതിന് പിന്നാലെയാണ് ലുലുവിന്റെ പുതിയ സംരംഭങ്ങള്‍ യു പിയിലേക്കും ഹൈദരാബാദിലേക്കുമൊക്കെ വ്യാപിപ്പിക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ലക്നൗവില്‍ യു പിയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണം 70 ശതമാനത്തോളം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 2000 കോടി രൂപയാണ് ഈ പദ്ധതിക്കായി ലുലു ഗ്രൂപ്പ് ചിലവഴിക്കുന്നത്. അയ്യായിരം പേര്‍ക്ക് നേരിട്ടും പതിനായിരം പേര്‍ക്ക് പരോക്ഷമായും ഇവിടെ ജോലി ലഭിക്കും. ഇതിന് പുറമേ സമാനമായ രണ്ടു മാളുകളും ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് യു പിയില്‍ തന്നെയാണ്.
വാരണാസിയിലും നോയിഡയിലുമാണ് പുതിയ മാളുകള്‍ക്ക് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. ഈ മൂന്നു മാളുകളിലുമായി നേരിട്ടും അല്ലാതെയും നാല്‍പ്പത്തയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഡല്‍ഹിക്ക് സമീപം സാഹിബാ ബാദിലും പുതിയ ലുലുവിന്റെ മാളിന് പദ്ധതിയുണ്ട്. മേല്‍പ്പറഞ്ഞ നാല് പദ്ധതികള്‍ ഓരോന്നും 2000 കോടി രൂപ വീതം മുതല്‍മുടക്കുള്ളവയാണ്.
ഹോസ്പിറ്റാലിറ്റി മേഖലയില്‍ 225 മുറികളുള്ള വമ്ബന്‍ ഹോട്ടലിനാണ് ഹൈദരാബാദില്‍ ലുലു ഗ്രൂപ്പ് പദ്ധതിയൊരുക്കിയിരിക്കുന്നത്. 150 മുറികളുള്ള നിരവധി ആഡംബര ഹോട്ടലുകള്‍ക്ക് ഇന്ത്യയിലെ വമ്ബന്‍ നഗരങ്ങളില്‍ ലുലു ഗ്രൂപ്പ് പദ്ധതിയൊരുക്കുന്നുണ്ട്. ഇതില്‍ കൊച്ചി നഗരത്തിലും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനടുത്തും ഓരോ ഹോട്ടലുകള്‍ക്ക് പദ്ധതിയുണ്ടെങ്കിലും കേരളത്തിലെ സാഹചര്യങ്ങളില്‍ ലുലു ഗ്രൂപ്പ് അതിനോട് എത്രകണ്ടു താല്പര്യം കാണിക്കും എന്ന് പറയുക അസാധ്യമല്ല.
കേരളത്തില്‍ നിക്ഷേപം ഇറക്കുന്നതിനുള്ള താല്പര്യക്കുറവ് അടുത്തിടെ ഒരു മാധ്യമ ചര്‍ച്ചയില്‍ യൂസഫലി പരസ്യമായി വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഒരാള്‍ നിക്ഷേപം തുടങ്ങാന്‍ വന്നാല്‍ അതിനെതിരെയുള്ള പ്രചരണങ്ങള്‍ക്ക് ആദ്യം ചുക്കാന്‍ പിടിക്കുന്നത് മാധ്യമങ്ങള്‍ തന്നെയാണ് എന്ന് യൂസഫലി പ്രതികരിച്ചിരുന്നു. ആരെങ്കിലും ഒരു പദ്ധതി കേരളത്തില്‍ പ്രഖ്യാപിച്ചാല്‍ ഉടന്‍ ചാനലുകളില്‍ ചര്‍ച്ച തുടങ്ങും.
ഒരാള്‍ തന്നെ മാധ്യമ നിരീക്ഷകനായും രാഷ്ട്രീയ നിരീക്ഷകനായും സാമൂഹ്യ നിരീക്ഷകനായും പരിസ്ഥിതി നിരീക്ഷകനായുമൊക്കെ പല ചാനലില്‍ പ്രത്യക്ഷപ്പെടുത്തി ചര്‍ച്ച നടത്തും. അവനെ ഇവിടെ നിന്ന് ഓടിക്കുന്നത് വരെ ചര്‍ച്ച തുടരുമെന്നും യൂസഫലി കുറ്റപ്പെടുത്തിയിരുന്നു.
യൂസഫലിയുടെ കൊച്ചിയിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിനെതിരെയുണ്ടായ വിവാദത്തെ തുടര്‍ന്ന് ഈ പദ്ധതി നിര്‍ത്തിവച്ച സംഭവം ഉണ്ടായിട്ടുണ്ട്.
No comments
Post a Comment