പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുന്ന ബജറ്റ്; 9ന് സിപിഐ എം പ്രതിഷേധ ദിനം ആചരിക്കും
തിരുവനന്തപുരം:
അതിസമ്പന്നര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്‌ത്തുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഈ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ഇതിന്റെ ഭാഗമായി ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കും. ലോക്കലടിസ്ഥാനത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് മുഴുവന്‍ ജനവിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാനുള്ള ശ്രമങ്ങളാണ് ബജറ്റിലൂടെ മോഡി സര്‍ക്കാര്‍ ചെയ്‌തിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വലിയ ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് പണം കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിയ്‌ക്കുന്നത്. സാധാരണക്കാര്‍ക്കുമേല്‍ നികുതി അടിച്ചേല്‍പ്പിക്കുകയാണ്. ദുരിതമനുഭവിയ്‌ക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും യാതൊരു പരിഗണനയും നല്‍കിയില്ല.
വനിതാ ക്ഷേമത്തിനുള്ള വിഹിതം 5.1 ശതമാനത്തില്‍ നിന്നും 4.9 ശതമാനമായി വെട്ടിക്കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുന്നതോടെ വിലക്കയറ്റം രൂക്ഷമാകും.
തൊഴിലുറപ്പ് പദ്ധതിയ്‌ക്കുള്ള വിഹിതം ആയിരം കോടിയാണ് വെട്ടിക്കുറച്ചത്. സാമൂഹ്യക്ഷേമത്തെ പൂര്‍ണ്ണമായും വാണിജ്യവൽക്കരിക്കുകയാണ്. എല്ലാ തൊഴില്‍ നിയമങ്ങളും പൊളിച്ചെഴുതി നാല് കോഡുകളാക്കും.
ഭരണ നിര്‍വ്വഹണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി, കോര്‍പ്പറേറ്റുകള്‍ക്കും വിദേശമൂലധനത്തിനും ലാഭമുണ്ടാക്കാനുള്ള കമ്പോളമാക്കി രാജ്യത്തെ തുറന്നുകൊടുത്തിരിക്കുകയാണ്.
കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് യാതൊരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. വായ്‌പാ പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചില്ല.
റോഡ്- റെയില്‍ വികസനത്തിന്റെ കാര്യത്തിലും തികഞ്ഞ അവഗണനയാണ് ഉണ്ടായത്. കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ എയിംസും, കോച്ച് ഫാക്ടറിയും പരിഗണിച്ചില്ല. കേരളത്തിന്റെ വികസനത്തിന് ഉതകുന്ന ഒരു പദ്ധതി പ്രഖ്യാപനവും ബജറ്റിലുണ്ടായില്ലെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.
No comments
Post a Comment