ഇരിട്ടി മേഖലയിൽ ശക്‌തമായ ചുഴലിക്കാറ്റ്; മരങ്ങൾ കടപുഴകിവീണ് വീടുകൾക്കും വാഹനങ്ങൾക്കും നാശം.
ഇരിട്ടി :
തിങ്കളാഴ്ച വൈകുന്നേരം ഇരിട്ടി മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. തെങ്ങുകൾ അടക്കമുള്ള മരങ്ങൾ കടപുഴകിവീണ് വീടുകൾക്കും കെട്ടിടങ്ങൾക്കും നാശം.കാക്കയങ്ങാട് ഓടിക്കൊണ്ടിരുന്ന ഓട്ടോ ടാക്സിക്ക് മുകളിൽ മരം കടപുഴകി വീണ് ഓട്ടോയുടെ മുൻഭാഗം തകർന്നു. ഡ്രൈവർക്കു നിസ്സാര പരിക്കേറ്റു. ഇരിട്ടി , എടൂർ , കാക്കയങ്ങാട്, മണത്തണ ഇലട്രിക്കൽ സെക്ഷനുകൾക്കു കീഴിൽ 18 വൈദ്യുതി തൂണുകൾ മരങ്ങൾ വീണ് തകർന്നു. മേഖലയിലെ വൈദ്യുതി ബന്ധം പാടേ തകർന്നു.
എടക്കാനം ചേളത്തൂരിലെ പറനിറക്കുഴിയിൽ പി.രഞ്ചിത്തിന്റെ വീടിന്റെ പിന്നിലെ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ഷെഡ് മരം പൊട്ടിവീണ് തകർന്നു. കുപ്പിവെള്ളം വിതരണ കമ്പനിയുടെ ഡ്രൈവറായ രഞ്ചിത്ത് കുപ്പിവെള്ളം സൂക്ഷിക്കുന്നതിനായി നിർമ്മിച്ച ഷെഡാണ് കാറ്റിൽ മരം പൊട്ടിവീണ് തകർന്നത്. ഇതിനുള്ളിലുണ്ടായിരുന്ന കുപ്പിവെള്ള ജാറുകൾ തകർന്നു . ഷെഡിൽനിർത്തിയിട്ടവാഹനത്തിനും കേടുപാടു പറ്റി.
തെങ്ങ് കടപുഴകി വീണതിനെത്തുടർന്ന് എടക്കാനം ചേളത്തൂരിലെ കോമ്പിലാത്ത് ഹൗസിൽ കെ.വി. സന്ദീപിന്റെ ഇരുനില വീടിന്റെ മേൽക്കൂരയും തകർന്നു. വീട്ടുമുറ്റത്തെ തെങ്ങ് കടപുഴകി വീടിനു മുകളിൽ വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ സന്ദീപനും കുടുംബവും തൊട്ടടുത്ത സഹോദരന്റെ വീട്ടിലായതിനാൽ ആളപായം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ തെങ്ങുമുറിച്ചു മാറ്റി. എടക്കാനത്ത് തന്നെ മരം വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി ബന്ധവും താറുമാറായി.
പായം കാടമുണ്ടയിലെ ചിറമ്മൽ രമേശന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മുകളിൽ തെങ്ങ് കടപുഴകി വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു.
കാക്കയങ്ങാട് പാലയിൽ സ്‌കൂൾ വിദ്യാർത്ഥികളെ എടുക്കാനായി പോയ്‌ക്കൊണ്ടിരുന്ന ഓട്ടോ ടാക്‌സിക്ക് മുകളിലാണ് മരം കടപുഴകി വീണത്. ഉളീപ്പടി സ്വദേശി മുരളിയുടേതാണ് ഓട്ടോ. വാഹനത്തിന്റെ മുൻ ഭാഗം തകർന്നെങ്കിലും മുരളി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മേഖലയിലെ വൈദ്യുതി ബന്ധം പാടെ തകർന്ന അവസ്ഥയിലാണ്. ചുഴലിയുടെ രൂപത്തിൽ തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ ആയിരുന്നു ശക്തമായ കാറ്റ് വീശിയടിച്ചത് .
No comments
Post a Comment