കണ്ണൂരിൽ പെൺകുട്ടിയെ കയറിപ്പിടിച്ച അക്രമിയെ പൊലീസ് പിടികൂടി
കണ്ണൂർ:
നഗരമധ്യത്തിൽ പട്ടാപ്പകൽ പെൺകുട്ടിയെ കയറിപ്പിടിച്ച അക്രമിയെ എസ്ഐയും സംഘവും ഓടിച്ചു പിടികൂടി. കരിമ്പം സ്വദേശി അബ്ദുൽ സമദ് (47) ആണ് പിടിയിലായത്. ഇയാൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചോടെ പഴയ ബസ് സ്റ്റാൻഡ് റെയിൽവേ അടിപ്പാതയ്ക്ക് സമീപം പാറക്കണ്ടി റോഡിലാണ് സംഭവം. ജംക്ഷനില് നിന്നിരുന്ന അക്രമി ആൾത്തിരക്കില്ലാത്ത നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ബഹളം വച്ചു ഓടിക്കൂടുന്നതിനിടെ സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന എസ്ഐ ബാബുമോനും സംഘവും പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം. ഇതിനു തൊട്ടു മുൻപേ മറ്റൊരു പെൺകുട്ടിയെയും കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായിരുന്നു. പെൺകുട്ടി ഓടി രക്ഷപ്പെട്ടതിനാലും ബഹളം വയ്ക്കാതിരുന്നതിനാലുമാണ് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെടാതിരുന്നത്.
No comments
Post a Comment