Header Ads

  • Breaking News

    തിരുവല്ലയിലെ കിണറില്‍ നിന്നും കണ്ടെത്തിയത് 'മഹാബലി' എന്ന അപൂര്‍വ്വ ഇനം മത്സ്യമാണെന്ന് ഗവേഷകര്‍



    തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത് അപൂര്‍വ്വ ഇനം വരാല്‍. ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയ ഈ ചെറിയ മത്സ്യത്തെ തിരിച്ചറിഞ്ഞത് നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴ്സസിലെ ഉദ്യോഗസ്ഥരാണ്. എന്‍.ബി.എഫ്.ജി. ആറിലെ ഗവേഷകനായ രാഹുല്‍ ജി. കുമാറിന്റെ നേതൃത്വത്തിലെ ഗവേഷകസംഘം എനിഗ് ചന്ന മഹാബലി എന്നാണ് ഇതിന് ശാസത്രീയനാമം നല്‍കിയിരിക്കുന്നത്.


    നേരത്തെ, മലപ്പുറം ജില്ലയില്‍ നിന്നും ഇതിന് സമാനമായ ഒരു മത്സ്യം കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗര്‍ഭജലാശയങ്ങളില്‍ നിന്ന് 250 ഇനം മത്സ്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴ് മത്സ്യങ്ങള്‍ കേരളത്തിലാണുള്ളത്. ഇന്ത്യയില്‍, ഭൂഗര്‍ഭജലാശയ മത്സ്യവൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇത്തരം മത്സ്യയിനങ്ങള്‍ കണ്ടെത്താന്‍ ഇനിയും സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും ഇവര്‍ പറഞ്ഞു.


    ഭൂഗര്‍ഭമത്സ്യങ്ങളുടെ സാന്നിധ്യം ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ട് ശുദ്ധജല ലഭ്യത നിലനിര്‍ത്തുന്നത് ഇത്തരം മത്സ്യങ്ങളെ സംരക്ഷിക്കേണ്ടതിന് അനിവാര്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. കേരളത്തില്‍ 300ലധികം ശുദ്ധജലമത്സ്യങ്ങളുണ്ട്. ഇതില്‍ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്. എന്നാല്‍, ഭൂഗര്‍ഭജലാശലയങ്ങളില്‍ കണ്ടെത്തപ്പെടാതെ ഇനിയും മത്സ്യങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം.

    No comments

    Post Top Ad

    Post Bottom Ad