തിങ്കളാഴ്ച കോളജിന് അവധി
തിരുവനന്തപുരം:
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാതലത്തിലാണ് അവധി. മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് നെഞ്ചില്‍ കുത്തേറ്റ സംഭവത്തിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ കോളജില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് അഖിലിന് കുത്തേറ്റത്. എസ്എഫ്‌ഐയും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ശിവരഞ്ജിത്തിനും നസീമിനും പുറമെ അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.
No comments
Post a Comment