ഒൻപതാം തവണയും കോപ്പയിൽ മുത്തമിട്ട് ബ്രസീൽ
മാരക്കാന: കോപ്പ അമേരിക്ക കിരീടത്തിൽ ഒൻപതാം വട്ടം മുത്തമിട്ട് ബ്രസീൽ. വിശ്വപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ ചാംപ്യന്മാരായത്.
എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. ക്യാപ്റ്റൻ പൗലോ ഗ്യുറെയ്‌റോയുടെ വകയായിരുന്നു 44ാം മിനിറ്റിൽ പെറുവിന്റെ ഗോൾ. ഇക്കുറി കോപ്പയിൽ ബ്രസീൽ വഴങ്ങിയ ഏക ഗോളും ഇതാണ്.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് കോപ്പ അമേരിക്കയിൽ ബ്രസീൽ മുത്തമിട്ടത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. ഇതിന് പുറമെ ടൂർണ്ണമെന്റിന് സ്വന്തം രാജ്യം വേദിയായപ്പോഴെല്ലാം കിരീടം നേടിയിട്ടുണ്ടെന്ന ചരിത്രം ഇനിയും അതേപടി നിൽക്കുമെന്ന കാര്യത്തിലും ബ്രസീലിന് അഭിമാനിക്കാം.
ബ്രസീലിയൻ താരം എവർട്ടൻ മൂന്ന് ഗോളുമായി ടൂർണ്ണമെന്റിനെ ടോപ് സ്കോററായി. ഗോൾഡൻ ഗ്ലൗ ബ്രസീലിന്റെ തന്നെ അലിസനും ഫെയർ പ്ലേ പുരസ്കാരം ബ്രസീൽ നായകൻ ഡാനി ആൽവ്‌സും സ്വന്തമാക്കി.
ജെസ്യൂസ് രണ്ടാം മഞ്ഞക്കാർഡും വാങ്ങി മൈതാനത്തിന് പുറത്തുപോയതിന് ശേഷം അവസാനത്തെ 20 മിനിറ്റ് ബ്രസീൽ പത്ത് പേരുമായാണ് കളിച്ചത്. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നേറിയ അവർ മൂന്നാം ഗോൾ നേടി തങ്ങളുടെ വിജയം പൂർത്തിയാക്കി.
ആദ്യപകുതിയിൽ 15ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ. വലതുവിങ്ങിലൂടെയുള്ള മികച്ചൊരു മുന്നേറ്റത്തിലൂടെയാണ് ജെസ്യൂസ് ബ്രസീലിനെ മുന്നിലെത്തിച്ചത്. ബോക്സിനു തൊട്ടുവെളിയിൽ നിന്ന് പെറു ഡിഫറൻഡറെ ഡ്രിബ്ൾ ചെയ്ത ശേഷം ജെസ്യൂസ് തൊടുത്ത ക്രോസ് കൃത്യമായി എവർട്ടന്റെ കാലിലെത്തി. മുന്നിലുണ്ടായിരുന്ന ഗോളിയെ കാഴ്ചക്കാരനാക്കി എവർട്ടൻ തന്റെ ജോലി ഭംഗിയാക്കിയതോടെ ബ്രസീൽ മുന്നിലെത്തി (1–0).
പിന്നീടങ്ങോട്ട് ബ്രസീൽ മത്സരത്തിന്റെ ആധിപത്യം നിലനിർത്തി. അപ്രതീക്ഷിതമായാണ് പെറു സമനില ഗോൾ നേടിയത്. 44ാം മിനിറ്റിൽ പെറു മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ പന്ത് ബ്രസീൽ താരം തിയാഗോ സിൽവയുടെ കയ്യിൽ കൊണ്ടതിന് റഫറി പെനല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത പെറു നായകൻ പൗലോ ഗ്യുറെയ്‌റോയ്ക്ക് പിഴച്ചില്ല. സ്കോർ 1–1.
ഉണർന്ന് കളിച്ച ബ്രസീൽ ആധ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ മുന്നിലെത്തി. പന്തുമായി കുതിച്ചുപാഞ്ഞ ആർതർ ബോക്സിനു തൊട്ടുമുൻപിൽ വച്ച് പന്ത് തൊട്ട് ഇടതുവശത്ത് ജെസ്യൂസിനു നൽകി. ബോക്സിന്റെ മധ്യഭാഗത്തേക്ക് മാറിയ ജെസ്യൂസിന്റെ കാലിൽ നിന്ന് ബ്രസീലിന് വീണ്ടും ലീഡ് (2–1).
ജെസ്യൂസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയിട്ടും പെറുവിന് ബ്രസീലിനെ ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയിൽ ബ്രസീലിന് അനുകൂലമായി പെനൽറ്റി കിട്ടി. എവർട്ടനെ ബോക്സിനകത്ത് വീഴ്ത്തിയതിനായിരുന്നു പെറു പെനൽറ്റി വഴങ്ങിയത്. പകരക്കാരനായെത്തിയ റിച്ചാർലിസന്റെ കിക്ക് തടയാൻ പെറുവിന്റെ കാവൽക്കാരന് സാധിച്ചില്ല. മാരക്കാനയിൽ ഇതോടെ വിജയാരവങ്ങൾ മൈതാനം കീഴടക്കി.
No comments
Post a Comment