പൊരുതിതോറ്റ് ഇന്ത്യ
ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 18 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 240 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49.3 ഓവറിൽ ഓൾ ഔട്ടായി. അർദ്ധസെഞ്ചുറിയുമായി ജഡേജ പൊരുതിയെങ്കിലും ജയത്തിലെത്തിക്കാനായില്ല. 77 റൺസെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ധോണി 50 റൺസെടുത്തു.
രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടമായി. മാറ്റ് ഹെൻറിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലതം പിടിച്ച് പുറത്താകുമ്പോൾ ഒരു റൺ മാത്രമാണ് രോഹിത് എടുത്തത്. അടുത്തടുത്ത ഓവറുകളിൽ കോലിയും രാഹുലും കൂടാരം കയറിയതോടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കേണ്ട ചുമതല മധ്യനിരയ്ക്കായി. ഓരോ റൺ വീതമെടുത്താണ് ഇരുവരും പുറത്തായത്. കോലിയെ ബോൾട്ട് വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ രാഹുൽ ലതമിൻ്റെ കൈകളിൽ അവസാനിച്ചു.
തുടർന്ന് കാർത്തികും പന്തും ചേർന്ന് നാലാം വിക്കറ്റിൽ ഒരു കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചെങ്കിലും കാർത്തികിനെ (6) ജെയിംസ് നീഷം പോയിൻ്റിൽ അസാമാന്യമായി കൈപ്പിടിയിലൊതുക്കി. ഹെൻറിക്ക് തന്നെയായിർന്നു വിക്കറ്റ്. ശേഷം ഋഷഭ് പന്തും ഹർദ്ദിക് പാണ്ഡ്യയും ഒത്തു ചേർത്തു. സാവധാനത്തിലെങ്കിലും ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ച ഇരുവരും ഇടക്കിടെ ബൗണ്ടറികളും കണ്ടെത്തിയതോടെ പ്രതീക്ഷയായി. എന്നാൽ കൃത്യമായ ഏരിയകളിൽ, ഉജ്ജ്വലമായി പന്തെറിഞ്ഞ സാൻ്റ്നർ ഇരുവരെയും ക്രീസിൽ വരിഞ്ഞു മുറുക്കിയതോടെ സമ്മർദ്ദത്തിനടിമപ്പെട്ട് ഇരുവരും പുറത്തായി.
23ആം ഓവറിൽ സാൻ്റ്നറെ ഉയർത്തിയടിക്കാനുള്ള പന്തിൻ്റെ ശ്രമം ഡീപ് മിഡ്‌വിക്കറ്റിൽ കോളിൻ ഡി ഗ്രാൻഡ്‌ഹോമിൻ്റെ കൈകളിൽ ഒതുങ്ങി. 32 റൺസെടുത്ത് പുറത്തായ പന്ത് പാണ്ഡ്യക്കൊപ്പം 47 റൺസ് കൂട്ടിച്ചേർത്താണ് മടങ്ങിയത്. തുടർന്ന് ധോണി-ഹർദ്ദിക് കൂട്ടുകെട്ട് ഇന്നിംഗ്സ് ബിൽഡ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ 31ആം ഓവറിൽ വീണ്ടും സാൻ്റ്നർ ഇന്ത്യക്ക് പ്രഹരമേല്പിച്ചു. 32 റൺസെടുത്ത പാണ്ഡ്യയെ വില്ല്യംസൺ പിടികൂടി.
ശേഷം ഏഴാം വിക്കറ്റിൽ ജഡേജ ധോണിക്കൊപ്പം ചേർന്നതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സിനു വീണ്ടും ജീവൻ വെച്ചത്. എല്ലാ പ്രതീക്ഷയും അവസാനിച്ച ഇന്ത്യയെ ജഡേജയാണ് കൈപിടിച്ചുയർത്തിയത്. ഗ്രൗണ്ടിൻ്റെ നാലുപാടും ബൗണ്ടറികൾ കണ്ടെത്തിയ ജഡേജ ധോണിയിൽ ഉറച്ച പങ്കാളിയെ കണ്ടെത്തിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമായി. മറ്റ് ബാറ്റ്സ്മാന്മാരെല്ലാം ബുദ്ധിമുട്ടിയ ട്രാക്കിൽ ജഡേജ നടത്തിയ കൗണ്ടർ അറ്റാക്ക് ഇന്ത്യക്ക് ജയപ്രതീക്ഷ നൽകി. 38 പന്തുകളിൽ ജഡേജ അർദ്ധസെഞ്ചുറി കുറിച്ചു. ഇന്നിംഗ്സിൻ്റെ അവസാനത്തിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ ന്യൂസിലൻഡ് ബൗളർമാരുടെ സമ്മർദ്ദത്തിന് ഒടുവിൽ ജഡേജയും കീഴടങ്ങി. 48ആം ഓവറിൽ ജഡേജ പുറത്തായി. 77 റൺസെടുത്ത ജഡേജ ട്രെൻ്റ് ബോൾട്ടിൻ്റെ പന്തിൽ വില്ല്യംസണ് പിടികൊടുത്താണ് മടങ്ങിയത്. ധോനിയുമായി ഏഴാം വിക്കറ്റിൽ 116 റൺസാണ് ജഡേജ കൂട്ടിച്ചേർത്തത്. തൊട്ടടുത്ത ഓവറിൽ ധോണിയെ നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കിയ ഗപ്റ്റിൽ ഇന്ത്യൻ ഇന്നിംഗ്സിലെ അവസാന ആണിയടിച്ചു. 50 റൺസെടുത്ത ധോണി രണ്ടാം റണ്ണിനോടുന്നതിനിടെയാണ് പുറത്തായത്.
അവസാന ഓവറിൽ ടോം ലതമിനു പിടികൊടുത്ത് ചഹാലും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് 221ൽ അവസാനിച്ചു
No comments
Post a Comment