വിദ്യാര്‍ത്ഥിനിയെ കയറ്റാതെ ബസ് ചീറിപ്പാഞ്ഞു; പെണ്‍കുട്ടിയെയും ജീപ്പില്‍ കയറ്റി പിന്തുടര്‍ന്നെത്തി പോലീസ്; പിഴയും അടപ്പിച്ചു
ആലുവ:
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കയറ്റാതെ പാഞ്ഞുപോയ ബസിനെ പിന്തുടര്‍ന്നെത്തി പിഴയടപ്പിച്ച് പോലീസ്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ അതേ ബസില്‍ കയറ്റിവിട്ടാണ് പോലീസ് മടങ്ങിയത്. വൈകിട്ട് 5.20നു ഹെഡ് പോസ്റ്റ് ഓഫിസ് കവലയില്‍ വെച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കയറ്റാതെ സ്വകാര്യ ബസ് ‘അമിന്‍സ്’ പാഞ്ഞുപോയത്. വനിതാ കോളേജ് അടക്കം 9 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തു ബസ് നിര്‍ത്താതെ പോയത് പോലീസിനെയും ചൊടിപ്പിച്ചു. റൂറല്‍ ജില്ലാ പോലീസ് കണ്‍ട്രോള്‍ റൂം വാഹനം അതുവഴി വന്നപ്പോള്‍ സ്‌കൂള്‍ യൂണിഫോമിട്ട പെണ്‍കുട്ടി റോഡില്‍ നിന്നു കരയുന്നത് എസ്‌ഐ മുഹമ്മദ് കബീര്‍ ശ്രദ്ധിച്ചതോടെയാണ് സ്വകാര്യബസിന്റെ ക്രൂരത പുറംലോകമറിഞ്ഞത്.
പെണ്‍കുട്ടിയോട് കാര്യം തിരക്കിയപ്പോള്‍ നാട്ടിലേക്കുള്ള ബസ് കൈ കാണിച്ചിട്ടു നിര്‍ത്തിയില്ലെന്നും ഇനി 6 മണിക്കേ ബസുള്ളൂ എന്നും അതുവരെ ഒറ്റയ്ക്കു നില്‍ക്കണമെന്നും പെണ്‍കുട്ടി സങ്കടപ്പെട്ടു. കീഴ്മാട് സര്‍ക്കുലര്‍ റൂട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്താണ് പെണ്‍കുട്ടിയുടെ വീട്. വല്ലപ്പോഴും മാത്രമേ അതുവഴി ബസ് സര്‍വീസുള്ളൂ. ഇതോടെ എസ്‌ഐ ഉടന്‍ വയര്‍ലെസ് സന്ദേശം നല്‍കി. പെണ്‍കുട്ടിയെ കയറ്റാതെ പോയ ‘അമിന്‍സ്’ ബസ് ട്രാഫിക് പോലീസ് പിടിച്ചിട്ടു.
അപ്പോഴേയ്ക്കും എസ്‌ഐ മുഹമ്മദ് കബീര്‍ പെണ്‍കുട്ടിയെ പോലീസ് വാഹനത്തില്‍ കയറ്റി അവിടെ എത്തിച്ചു ബസില്‍ കയറ്റിവിട്ടു. ഡ്രൈവറെയും കണ്ടക്ടറെയും താക്കീതു ചെയ്യുകയും ചെയ്തു. ഇതോടെ ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ പോലീസിനെ അനുമോദിച്ചു. വിദ്യാര്‍ത്ഥികളോടു മോശമായി പെരുമാറുകയും അവരെ കയറ്റാതെ പോവുകയും ചെയ്യുന്ന ബസുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ റൂറല്‍ എസ്പി കെ കാര്‍ത്തിക് നിര്‍ദേശം നല്‍കി.
No comments
Post a Comment