Header Ads

  • Breaking News

    കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍: മഴ തുടങ്ങിയതോടെ അടിപ്പാത വീണ്ടും അടച്ചിട്ടു


    കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്ത അടിപ്പാത (സബ് വേ) വീണ്ടും അടച്ചിട്ടു. ചോര്‍ച്ചയും വെള്ളക്കെട്ടും കാരണം അടിപ്പാത അടച്ചിടുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ അടച്ചിട്ടതിനു ശേഷം ചോര്‍ച്ചയടച്ചിരുന്നു. എന്നാല്‍ മഴക്കാലം ആരംഭിച്ചതോടെ വീണ്ടും ചോര്‍ച്ച തുടങ്ങി. ട്രെയിന്‍ പോകുന്ന മര്‍ദ്ദത്തില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ വിള്ളല്‍ വീഴുന്നതാണ് ചോര്‍ച്ചയ്ക്കു കാരണമെന്ന് കരുതുന്നു. കഴിഞ്ഞ കൊല്ലവും സമാന രീതിയില്‍ വെള്ളക്കെട്ടും ചോര്‍ച്ചയുമുണ്ടായിരുന്നു. കഴിഞ്ഞദിവസം മുതല്‍ വെള്ളം നിറഞ്ഞ അടിപ്പാതയെ യാത്രക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. മേല്‍ക്കൂരയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും മഴവെള്ളം അടിപ്പാതയിലേക്ക് ഒഴുകിയിറങ്ങുന്നുണ്ട്. കനത്ത മഴ പെയ്യുമ്പോള്‍ നടന്നുപോകാന്‍ പറ്റാത്ത വിധമാണ് വെള്ളക്കെട്ട്. നിലവില്‍ വെള്ളം പമ്പു ചെയ്ത് മാറ്റിയാലും മഴ പെയ്താല്‍ വീണ്ടും വെള്ളംനിറയുന്ന സ്ഥിതിയാണ്. നടപ്പാത അടച്ചതോടെ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിലേക്കുള്ള ഫൂട് ഓവര്‍ബ്രിഡ്ജും തിരക്കിലമരും. രണ്ട് പ്ലാറ്റ്‌ഫോമിലും ട്രെയിന്‍ എത്തുന്നതോടെ യാത്രക്കാര്‍ ഫൂട്ഓവര്‍ ബ്രിഡ്ജിനെയാണ് ആശ്രയിക്കുക. ഇതോടെ മുഴുവന്‍ പേരും മുകളിലേക്ക് കയറാനും താഴേക്കു വരാനുമായി തിരിക്കു കൂട്ടുന്ന കാഴ്ചയാണ്. ഈ അവസ്ഥ ഒഴിവാക്കാനാണ് നേരത്തെ അടിപ്പാത നിര്‍മ്മിച്ചത്. എന്നാല്‍ മഴക്കാലമായാല്‍ എന്നും ചോര്‍ച്ചയുടെ പേരില്‍ അടിപ്പാത അടച്ചിടുന്ന സ്ഥിതിയാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികളുടെ ഭാഗമായി നടപ്പാതയ്‌ക്കൊപ്പം ലിഫ്റ്റും എസ്‌കലേറ്ററും നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ എസ്‌കലേറ്ററനെ കൊണ്ട് തിരക്കൊഴിവാക്കാന്‍ ഇന്നും ഉപകാരപ്പെട്ടിട്ടില്ല. ലിഫ്റ്റിലാണെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് പോകാനും കഴിയില്ല. ഇതിന്റെ ഭാഗമായിട്ടായിരുന്നു അടിപ്പാത 1.45 കോടി രൂപ ചെലവില്‍ 2016ല്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. അടിപ്പാതവന്നതോടെ ഒന്നാം പ്ലാറ്റ്‌ഫോമില്‍നിന്ന് രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലേക്കുള്ള യാത്ര സുഗമമായിരുന്നു. എന്നാല്‍ മഴക്കാലമായതോടെ പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന മേല്‍ നടപ്പാതകളിലെ കുരുക്ക് നിയന്ത്രണവിധേയമായി. അടിപ്പാതയുടെ നിലത്ത് ഗ്രാനൈറ്റ് പാകുകയും വെളിച്ചസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയുംചെയ്തിരുന്നു. എന്നാല്‍ ഇവയൊക്കെ വെള്ളം തട്ടി നശിച്ചുകൊണ്ടിരിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad