ആന്തൂരിൽ നഗരസഭക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്നതിൽ നഗരസഭക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയിൽ. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നഗരസഭക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. കൺവെൻഷൻ സെന്‍റർ നിർമിച്ചതിൽ ചട്ടലംഘനമുണ്ടായി. അംഗീകരിച്ച പ്ലാനിൽ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തി. ആദ്യം 2000 ചതുരശ്രയടിയുടെ പ്ലാനിനാണ് അനുമതി നൽകിയത്. എന്നാൽ പിന്നീട് 3000 ചതുരശ്രയടിയുടെ പ്ലാനാക്കി മാറ്റി. അത്തരത്തിലുണ്ടായ കാലതാമസമാണ് വിഷയത്തിലുണ്ടായതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അംഗീകരിച്ച പ്ലാനിൽ അനുമതിയില്ലാതെ വീണ്ടും മാറ്റങ്ങൾ വരുത്തിയിരുന്നു. തൂണുകളും മേൽക്കൂരയും കോൺക്രീറ്റിൽ നിർമ്മിക്കാനാണ് അനുമതി നൽകിയത്. എന്നാൽ ഉരുക്ക് തൂണും മേൽക്കൂരക്ക് ഷീറ്റുമാണ് ഉപയോഗിച്ചത്. ഈ മാറ്റങ്ങൾ വരുത്തിയത് നഗരസഭയെ അറിയിച്ചിരുന്നില്ല. ജനങ്ങൾ കൂട്ടമായെത്തുന്ന സ്ഥലമായതിനാൽ നഗരസഭ ജാഗ്രതയോടെയാണ് പ്രവർത്തിച്ചത്. നിരവധി പാളിച്ചകളും കണ്ടെത്തി. കെട്ടിടത്തിന്‍റെ അന്തിമാനുമതി വൈകാൻ ആർകിടെകിന്‍റെ വീഴ്ചയും കാരണമായിട്ടുണ്ട്. വിഷയത്തിലുണ്ടായ മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
No comments
Post a Comment