തിയേട്രം ഫാർമെ ഏഴോത്ത്
കേരള സർക്കാരിന്റെ സാംസ്ക്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആവിഷ്ക്കരിച്ച നൂതന കാർഷിക സാംസ്കാരിക പദ്ധതിയായ തിയേട്രം ഫാർമെ ഏഴോം ഗ്രാമ പഞ്ചായത്തിൽ വെച്ച് നടത്തും.
ജൈവകർഷികതയും നാട്ടരങ്ങിന്റെ സർഗാത്മതയും ഗ്രാമീണ നാടകത്തിന്റെ ഉയിർപ്പായ തിയേട്രം ഫാർമെ ഇന്ത്യൻ സാംസ്ക്കാരിക ചരിത്രത്തിലെ തന്നെ പ്രഥമ സംരംഭമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാസാംസ്ക്കാരിക പരിപാടികൾ ഇതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടും. ടി.വി.രാജേഷ് എം.എൽ.എ മുൻ കൈയെടുത്താണ് സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഏഴോത്ത് പരിപാടിക്ക് തുടക്കം കുറിക്കുന്നത്.
ഭരത് ഭവന്റെ സെക്രട്ടറിയും പ്രമുഖ നാടക-സിനിമാ സംവിധായകനും നമ്മുടെ നാട്ടുകാരനുമായ ശ്രീ.പ്രമോദ് പയ്യന്നൂരാണ് തീയേട്രം ഫാർമെ -എന്ന നൂതന കാർഷിക-സാംസ്കാരിക കൂട്ടായ്യയുടെ ഉപജ്ഞാതാവ്.
കൃഷിഭൂമി നിലവിലുള്ള ഉടമകളെയും, കർഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഉൾപ്പെടുത്തി കാർഷിക സർവ്വകലാശാല വിദഗ്ധരുടെ നേതൃത്വത്തിൽ ത്രിദിന ശില്പശാലകൾ സംഘടിപ്പിക്കും. ജൈവ കൃഷിയിലും അതിനോടനുബന്ധിച്ച് തിയേട്രം ഫാർമെയുടെ ഭാഗമായുള്ള നാടകത്തിന്റെയും പരിശീലന കളരിയാണ് മൂന്ന് ദിവസത്തെ ശില്പശാലയുടെ ലക്ഷ്യം. സമാപന ദിവസം പദ്ധതി നിർവഹണത്തിനാവശ്യമായ വിത്തുകൾ തയ്യറാക്കി, നെല്ല് വിതച്ച് ഞാറ്റടി തയ്യാറാക്കി ഒന്നാം ഘട്ട പ്രവർത്തനം പൂർത്തിയാക്കും.
രണ്ടാം ഘട്ടത്തിൽ നടീൽ ഉത്സവമാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ്. പുതുതലമുറയെ കൃഷിയോടടുപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകും. സാംസ്ക്കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കുക, നടീൽ പാട്ടുകൾ, വടക്കൻ പാട്ടുകൾ, വാമൊഴി പാട്ടുകൾ, നൃത്തരൂപങ്ങൾ എന്നിവ സംഘടിപ്പിക്കുക വഴി തിയട്രം ഫാർമെ ഒരു നാടിന്റെ ജനകീയ ഉത്സവമായി മാറും.
മൂന്നാം ഘട്ടത്തിൽ കൊയ്ത്തുത്സവം ജനപ്രതിനിധികളും മന്ത്രിമാരും പങ്കെടുക്കും. ഇതിന്റെ ഭാഗമായി നാടൻ വിഭവങ്ങൾ ശേഖരിച്ച് സമൂഹസദ്യയും, തുടർന്ന് സാംസ്ക്കാരിക കൂട്ടായ്മകളും വിളവെടുപ്പുത്സവ നൃത്തങ്ങളും പാട്ടുകളും സംഘടിപ്പിക്കും. കൊയ്ത്തൊഴിഞ്ഞ പാടത്ത് മലയാളത്തിലെ കർഷിക ജനതയുടെ ജീവിതത്തെ ആഴത്തിൽ അടയാളപ്പെടുത്തിയ തകഴിയുടെ കൃഷിക്കാരൻ എന്ന നാടകത്തിന്റെ അവതരണവും അരങ്ങേറും.
ആദ്യമായി തിരുവനന്തപുരം ജില്ലയിലെ കളമച്ചലിൽ 10 ഏക്കർ പാടത്താണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
ജൂലായ് 24ന് ബുധനാഴ്ച വൈകു 4 മണിക്ക് പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി യോഗം ചേരും.
ഏഴോം പഞ്ചായത്തിൽ വെച്ച് ചേരുന്ന സംഘാടക സമിതി രൂപീകരണ യോഗം ടി.വി രാജേഷ് MLA ഉദ്ഘാടനം ചെയ്യും.
പ്രശസ്ത നടക - സിനിമ സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തും. കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ, ജില്ല - ബ്ലോക്ക് - പഞ്ചായത്ത് ജനപ്രതിനിധികൾ, കലാ സാംസ്ക്കാരിക നാടക പ്രവർത്തകർ, കർഷക പ്രതിനിധികൾ, പാടശേഖര സമിതികൾ, കുടുംബശ്രീ, ക്ലബുകൾ -യുവജന സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പങ്കാളികളാകും.
തിയേട്രം ഫാർമെയെ കാർഷിക ഗ്രാമത്തിന്റെ ഉത്സവമാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഏഴോം.
No comments
Post a Comment