മഴക്കെടുതിയിൽ കണ്ണൂരിൽ ചൊവ്വാഴ‌്ച രണ്ടുപേർ മരിച്ചു
മഴക്കെടുതിയിൽ കണ്ണൂരിൽ ചൊവ്വാഴ‌്ച രണ്ടുപേർ മരിച്ചു. ഉളിക്കൽ മണിക്കടവിൽ ഞായറാഴ്‌ച പുഴയിലേക്ക് ജീപ്പ് മറിഞ്ഞു കാണാതായ കാരിത്തടത്തിൽ ലിധീഷിന്റെ (30) മൃതദേഹം കണ്ടെത്തി. തളിപ്പറമ്പ‌് നെല്യോട്ട‌് വീടിനുമുന്നിലെ വെള്ളക്കെട്ടിൽ വീണ വേലിക്കാത്ത‌് പ്രേമരാജൻ (59), പഴയങ്ങാടിയിൽ തിങ്കളാഴ‌്ച കുളത്തിൽ കുളിക്കാനിറങ്ങി പരിക്കേറ്റ വെങ്ങരയിലെ വിനോദ‌് കുമാർ(46) എന്നിവരാണ് ചൊവ്വാഴ്‌ച മരിച്ചത്. ഇതോടെ കണ്ണൂർ ജില്ലയിൽ മരണം അഞ്ചായി.
കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട‌് ഗുരുതര പരിക്കേറ്റ‌് ചികിത്സയിലായിരുന്നു വിനോദ് കുമാർ. സംസ്കാരം ബുധനാഴ്ച പകൽ 11ന് വെങ്ങരയിൽ. വെങ്ങര മീത്തലെ കുളത്തിൽ തിങ്കളാഴ‌്ച വൈകിട്ടാണ് അപകടം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പകലാണ് മരിച്ചത്. ഭാര്യ: ധന്യ. മകൾ: അനുജ. പരേതനായ കൊള്ളിയൻ വളപ്പിൽ രാഘവന്റെയും കാരൊത്ത‌് വളപ്പിൽ ശാരദയുടെയും മകനാണ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ (കച്ചവടം), ലത.
ബക്കളം നെല്ലിയോട്ടെ വേലിക്കാത്ത് പ്രേമരാജൻ ചൊവ്വാഴ്ച പുലർച്ചെ പുറത്തിറങ്ങിയപ്പോൾ വീടിന് മുന്നിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. വീട്ടിൽ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വിദേശത്തായിരുന്ന പ്രേമരാജൻ മൂന്നുമാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. കല്യാശേരി സ്വദേശിയായ ഇദ്ദേഹം 10 വർഷം മുമ്പാണ് നെല്ലിയോട്ട് താമസമാക്കിയത്.
മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മടയിച്ചാൽ ശ്മശാനത്തിൽ. പരേതനായ കുഞ്ഞമ്പുവിന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: ലളിത. മക്കൾ: ഷംന, മിമിത്ത് (ദുബായ്). മരുമകൻ: സന്തോഷ് (പാളിയത്തുവളപ്പ്), നീതു (വാരം). സഹോദരങ്ങൾ: നളിനി (കണ്ണപുരം), ശാന്ത (മാങ്ങാട്), യശോദ (തളിപ്പറമ്പ് നഗരസഭ മുൻ കൗൺസിലർ).
ചൊവ്വാഴ്ച രാവിലെ സംഭവസ്ഥലത്തുനിന്നും അര കിലോമീറ്റർ അകലെയാണ‌് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച പകൽ രണ്ടോടെ ലിധീഷ് സുഹൃത്തുക്കൾക്കൊപ്പം ജീപ്പിൽ മണിക്കടവ് പുഴയിലെ ചപ്പാത്ത് കടക്കുന്നതിനിടെ തെന്നിമാറി പുഴയിലേക്ക് മറിയുകയായിരുന്നു. കുത്തൊഴുക്കിൽ ജീപ്പും ലിധീഷും ഒഴുകിപ്പോയി. സുഹൃത്തുക്കൾ മൂന്നുപേരും നീന്തി രക്ഷപ്പെട്ടു. ജീപ്പ് തിങ്കളാഴ്ച രാവിലെയോടെ കണ്ടെത്തിയിരുന്നു. ഉളിക്കലിൽ ഇലക്ട്രോണിക‌്സ‌് കട നടത്തുന്നയാളാണ‌് ലിധീഷ്. അച്ഛൻ: തങ്കച്ചൻ. അമ്മ: ലിസി. ഭാര്യ: സ്വപ്ന. മക്കൾ: എയ്ഞ്ചൽ, എമിലിൻ, എഡ്വിൻ. സഹോദരി: ലിജിന. പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലെത്തിച്ച മൃതദേഹം വൈകിട്ട‌് അഞ്ചോടെ മണിക്കടവ് സെന്റ് തോമസ് ദേവാലയത്തിൽ പൊതുദർശനത്തിനുശേഷം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
No comments
Post a Comment