ബസ് ബേയിൽ കാത്തിരിപ്പുകേന്ദ്രമില്ല; മഴയും വെയിലും കൊണ്ട് യാത്രക്കാർ
ചെറുകുന്ന്:
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ പലയിടങ്ങളിലും ബസ്ബേയുണ്ടെങ്കിലും അവിടെ കാത്തിരിപ്പു കേന്ദ്രമില്ല.
ചെറുകുന്ന് കതിരുവെക്കുംതറ, ചെറുകുന്ന് ഹൈസ്കൂൾ, കണ്ണപുരം റെയിൽവേ സ്റ്റേഷൻ, കണ്ണപുരം ചൈനാക്ലേ റോഡ്, ഇരിണാവ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബസ്‌ബേകളുണ്ട്. യാത്രക്കാർ ബസ് കയറുന്നതും ഇറങ്ങുന്നതും ഇവിടെയാണ്. എന്നാൽ, ഇവിടങ്ങളിലൊന്നും കാത്തിരിപ്പു കേന്ദ്രങ്ങളില്ല. യാത്രക്കാർ വെയിലും മഴയും കൊണ്ട് ദുരിതമനുഭവിക്കുകയാണ്.
കെ.എസ്.ടി.പി. അധികൃതർ പിലാത്തറ മുതൽ പാപ്പിനിശ്ശേരി വരെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ഉപകാരമില്ലാത്ത സ്ഥലങ്ങളിലാണെന്നാണ് യാത്രക്കാരുടെ പരാതി. കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ബസ്‌ബേയിൽ വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം നൂറ്ുകണക്കിന് യാത്രക്കാരാണ് ബസ് കാത്ത് നിൽക്കുന്നത്. കണ്ണപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് മംഗളൂരു മുതൽ കോഴിക്കോട് വരെയുള്ള ആസ്പത്രികളിൽ ചികിത്സയ്ക്കായി പോയിവരുന്ന രോഗികളും കൂട്ടിരിപ്പുകാരും ഇതിലുൾപ്പെടുന്നു.
കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ബസ്‌ബേയിൽ യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യമുള്ള കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയായില്ല.
ചെറുകുന്ന് മുണ്ടപ്രം സ്റ്റോപ്പിലും ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. വെൽഫേർ സ്കൂൾ ബസ് സ്റ്റോപ്പിലാണ് കണ്ണൂർ ഭാഗത്തേക്ക് പോകാൻ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തത്.
ചെറുകുന്ന് ഗവ. വെൽഫേർ സ്കൂൾ വിദ്യാർഥികളടക്കം നൂറ്ുകണക്കിന് ആളുകളാണ് യാത്രക്കാരായി ദിവസവും ഇവിടെയെത്തുന്നത്. രണ്ടുഭാഗവും കാണാത്ത വലിയ വളവുള്ള സ്ഥലത്തോട് ചേർന്നാണ് ബസ്‌ബേ ഒരുക്കിയത്. എന്നാൽ, ഇവിടെ കാത്തിരിപ്പു കേന്ദ്രം പണിതിട്ടില്ല.
No comments
Post a Comment