കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്? ഇനിയും മഴ കനിഞ്ഞില്ലെങ്കില്‍ പവര്‍കട്ട് ഉറപ്പ്
കാലവര്‍ഷം ദുര്‍ബലമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ മഴ പെയ്തില്ലെങ്കില്‍ ലോഡ്ഷെഡ്ഡിംഗ് വേണ്ടി വന്നേക്കും. ഇതു സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് നാലാം തിയതി യോഗം ചേരും. ഡാമില്‍ ഇപ്പോഴുള്ള വെള്ളത്തിന്റെ അളവ്, കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍, ഓരോ ദിവസത്തെയും ശരാശരി വൈദ്യുതോപയോഗം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തുക.
സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതിയെ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. ഇപ്പോള്‍ 2900 മെഗാവാട്ട് കൊണ്ടു വരാനുള്ള ശേഷിയെ നമ്മുടെ ലൈനുകള്‍ക്കുള്ളൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാണെങ്കിലും എത്തിക്കാന്‍ ലൈനുകളില്ലാത്തതാണ് പ്രശ്‌നം. പല പദ്ധതികളും പാതിവഴിയിലാണ്.
ഇടമണ്‍ – കൊച്ചി ലൈന്‍ പൂര്‍ത്തിയായാല്‍ 1000 മെഗാവാട്ട് കൂടി കൊണ്ടുവരാന്‍ കഴിയും. കേസില്‍ പെട്ടതു കാരണം കൂടംകുളം-ഇടമണ്‍-കൊച്ചി ലൈനിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു പദ്ധതി.
കേരളത്തിന് കൂടംകുളം ആണവ വൈദ്യുതി നിലയത്തില്‍ നിന്നും ഇപ്പോള്‍ വൈദ്യുതി എത്തിക്കുന്നത് കൂടംകുളം-തിരുനെല്‍വേലി – ഉദുമല്‍പേട്ട് – മാടക്കത്തറ ലൈനിലൂടെയാണ്. ഇടമണ്‍ – കൊച്ചിയെക്കാള്‍ 250- ഓളം കിലോമീറ്റര്‍ കൂടുതലാണിത്. പ്രസരണനഷ്ടം, വഴിമാറി വരുന്നതു കൊണ്ടുള്ള സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നു.
No comments
Post a Comment